തലസ്ഥാന നഗരിയില്‍ അതിശക്തമായ മഴ; ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു

തലസ്ഥാന നഗരിയില്‍ അതിശക്തമായ മഴ; ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. കോവളം, ശംഖുമുഖം തുടങ്ങിയ ബീച്ചുകളിലേക്ക് വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചത്.

ഗംഗയാര്‍ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാര്‍ബര്‍ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാര്‍ തോട് ഒഴുകുന്ന കരിമണല്‍ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം തമ്പാനൂരിലെ കെ.എസ്.ആര്‍. ടി.സി ബസ് സ്റ്റാന്റിന് മുന്നിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. വലിയതുറ ഉള്‍പ്പെടെ തീരദേശ റോഡുകള്‍ മിക്കതും വെള്ളത്തിലായിരുന്നു. കൂടാതെ മണ്ണിടിച്ചിലും വന്‍ മരങ്ങള്‍ കടപുഴകിയും വലിയ നാശനഷ്ടമാണുണ്ടായത്.

തിരുവനന്തപുരം ജില്ലയില്‍ പിഎസ്‌സി ഇന്ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ലെന്നും ജില്ലാ ഭരണകൂടം പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.