കൊച്ചി: റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മുന്‍ പ്രസിഡണ്ടുമായിരുന്ന കര്‍ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു.
തനിക്ക് ഭരമേല്പിക്കപ്പെട്ട ജനതയുടെ സമഗ്രമായ വികസനത്തിനു വേണ്ടി കഠിനാധ്വാനം ചെയ്ത കര്‍ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ സമര്‍പ്പണത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എളിമയും ലാളിത്യവും സാമൂഹ്യ പ്രതിബദ്ധതയും അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് സ്വീകാര്യത നേടിക്കൊടുത്തു. റാഞ്ചി ജില്ലയില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ നേതൃത്വമെടുത്തത് കര്‍ദിനാള്‍ ടോപ്പോ ആയിരുന്നു.
ആഴമായ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും മാതൃകയായിരുന്ന കര്‍ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു.
സമൂഹത്തിന്റെ പൊതുനന്മയ്ക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്ത കര്‍ദിനാള്‍ ടെലിസ്‌ഫോര്‍ പ്ലാസിഡസ് ടോപ്പോയുടെ ജീവിതം എല്ലാവര്‍ക്കും അനുകരണീയമായ മാതൃകയാണെന്ന് കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞു. റോമില്‍ നടക്കുന്ന മെത്രാന്‍ സിനഡില്‍ പങ്കെടുക്കുന്നതിനിടയിലാണ് കര്‍ദിനാള്‍ ടോപ്പോയുടെ വേര്‍പാടില്‍ മാര്‍ ആലഞ്ചേരി തന്റെ അനുശോചനമറിയിച്ചത്.