ജീവിതത്തിനും മരണത്തിനുമിടയിലുള്ള മത്സരപ്പാച്ചിലിനിടയിൽ കാണാതെപോയ ചിലതുണ്ട്. കണ്ടിട്ടും ഞാൻ കണ്ണോടിച്ചു കളഞ്ഞത്, കേട്ടിട്ടും അറിയാതെ പോയത്. എന്റെ മുന്നിൽ ഓടിയവനെ പിന്നിലാക്കാൻ ഉള്ള തത്രപ്പാടിൽ ഞാൻ ചിലത് മനഃപൂർവം ഒഴിവാക്കി. കാരണം എന്റെ ശ്രദ്ധ മുഴുവൻ എന്റെ വിജയത്തിൽ മാത്രം കേന്ദ്രീകൃതമായിരുന്നു. അണ്ടർവേൾഡ് എന്ന സിനിമയിൽ ആസിഫലി പറയുന്ന ഒരു ഡയലോഗ് ഇപ്രകാരമാണ്...: നമ്മൾ ആരൊക്കെയാണെന്ന് പറഞ്ഞു ജീവിച്ചാലും, എത്രയൊക്കെ വളർന്നു തോന്നിയാലും ജീവിതത്തിൽ ഞാൻ ഒന്നും അല്ല എന്ന് തോന്നിക്കുന്ന ചില സന്ദർഭങ്ങൾ ഉണ്ടാകും. അത്തരത്തിലൊരു കുറുപ്പ് ഞാൻ കാണാനിടയായി. ഫെയ്സ്ബുക്ക് താളുകളിൽ പലതും പരതി നടന്ന എന്റെ കണ്ണിൽ അറിയാതെ ഉടക്കിയ ഒരു കുറിപ്പ്, അതിപ്രകാരമാണ്.
1. ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗ്യാരേജിൽ ഉണ്ട് പക്ഷേ ഞാൻ ഇപ്പോൾ വീൽചെയറിലാണ് യാത്ര ചെയ്യുന്നത്. 2. എന്റെ വീട്ടിൽ എല്ലാ തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും വിലയേറിയ വസ്തുക്കളും നിറഞ്ഞിരിക്കുന്നു, പക്ഷേ എന്റെ ആശുപത്രി നൽകിയ ചെറിയ സീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു.
3. ബാങ്കിൽ ആവശ്യത്തിന് പണം ഉണ്ട് എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല.
4. എന്റെ വീട് ഒരു കൊട്ടാരംപോലെ ആണെങ്കിലും ഞാൻ ആശുപത്രിയിലെ ഇരട്ട വലുപ്പത്തിലുള്ള കട്ടിലിൽ കിടക്കുന്നു.
5. ഞാൻ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മറ്റൊരു പഞ്ചനക്ഷത്രഹോട്ടലിൽ പോകുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഒരു ലാബിൽ നിന്ന് മറ്റൊന്നിലേക്ക് ആശുപത്രിയിൽ സമയം ചെലവഴിക്കുന്നു.
6. ഞാൻ നൂറുകണക്കിന് ആളുകൾക്ക് ഓട്ടോഗ്രാഫുകൾ നൽകി ഇന്ന് ഡോക്ടറുടെ കുറുപ്പ് എന്റെ ഓട്ടോഗ്രാഫ് ആണ്.
7. എന്റെ മുടി അലങ്കരിക്കാൻ എനിക്ക് 7 ബ്യൂട്ടീഷൻ ഉണ്ടായിരുന്നു, ഇന്ന് എന്റെ തലയിൽ ഒരു മുടി പോലും ഇല്ല.
8. ഒരു സ്വകാര്യ ജെറ്റിൽ എനിക്ക് ആവശ്യമുള്ളിടത്ത് പറക്കാൻ കഴിയും. എന്നാൽ ഇപ്പോൾ ഞാൻ ആശുപത്രിയുടെ വരാന്തയിലേക്ക് പോകാൻ രണ്ടുപേരുടെ സഹായം സ്വീകരിക്കണം.
9. ധാരാളം ഭക്ഷണങ്ങളുണ്ടങ്കിലും എന്റെ ഭക്ഷണക്രമം ഒരു ദിവസം രണ്ട് ഗുളികകളും രാത്രിയിൽ കുറച്ചു തുള്ളി ഉപ്പു വെള്ളവും ആണ്. ഈ വീട്, ഈ കാർ, ഈ ജെറ്റ്, ഈ ഫർണിച്ചർ, നിരവധി ബാങ്ക് അക്കൗണ്ടുകൾ വളരെയധികം അന്തസ്സും പ്രസക്തിയും ഒന്നും എനിക്ക് ഒരു പ്രയോജനവുമില്ല. ഇവയൊന്നും എനിക്ക് അല്പം ആശ്വാസം നൽകാൻ കഴിയുന്നില്ല, ആശ്വാസം നൽകുന്നത് കുറെ ആളുകളും മുഖങ്ങളും അവരുടെ സ്പർശനവും. മരണത്തേക്കാൾ സത്യം ഒന്നുമില്ല.
വിശ്വപ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയും ആയിരുന്ന കിർസിഡ റോഡ്രിഗസ് ക്യാൻസർ ബാധിച്ച മരണക്കിടക്കയിൽ കിടക്കുമ്പോൾ എഴുതിയ തന്റെ അവസാന വാക്കുകളാണ്. പിന്നിട്ട പാതകളെ തിരിഞ്ഞു നോക്കുവാൻ എന്നെ പ്രേരിപ്പിച്ച ഒരു കുറിപ്പ്.
എല്ലാം ഉണ്ടായിട്ടും ഒന്നും ഉപയോഗിക്കാൻ കഴിയാതെ ജീവിക്കേണ്ടിവരുന്ന ജീവിതത്തിന്റെ ചില അവസ്ഥകൾ. കയ്യെത്തും ദൂരത്ത് മനസ്സിൽ കാണുന്നതെല്ലാം ഉണ്ടായിട്ടും ഭൂതകാലത്തിന്റെ സ്മരണകളെ മാത്രം അയവിറക്കാൻ വിധിക്കപ്പെട്ടവർ, വർത്തമാനകാലം ദുഷ്കരമായി മുന്നോട്ടു നിൽക്കുന്നവർ, ഭാവിയോ എന്തെന്നറിയാതെ കാത്തിരിക്കാൻ വിധിക്കപ്പെട്ടവർ. ജീവിതം ഇത്രമാത്രമാണ്. മരണം എന്ന അതിഥിക്ക് വേണ്ടി വാതിൽ തുറക്കാൻ മടിച്ചു നിൽക്കുമ്പോഴും, ഒടുവിൽ വാതിലിൽ മുട്ടാൻ നിൽക്കാതെ, അനുവാദം വാങ്ങാതെ അകത്തുകടന്ന് എന്നെയും കൊണ്ടു പോകുന്നവൻ. ഇത്ര ഹ്രസ്വമായ ജീവിതത്തിൽ എന്തെല്ലാം സമ്പാദിച്ചിട്ടും എന്തുകാര്യം.
സ്പിരിറ്റ് സിനിമയിൽ പാടി വയ്ക്കുന്നതുപോലെ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ..
ജീവിതത്തിനൊടുവിൽ ആരെങ്കിലും കാണും എന്ന പ്രതീക്ഷയാണ് ഈ വരികൾ. എന്റെ മരണത്തിൽ നീറാൻ ചില ഹൃദയം ഉണ്ട് എന്നുള്ള വിശ്വാസം... നിറയാൻ ചില നയനങ്ങൾ കാണുമെന്ന പ്രത്യാശ... ജീവിതത്തിനൊടുവിൽ എന്തെല്ലാം ബാക്കി കാണുമെന്ന് കണ്ടറിയണം.
ചിലപ്പോൾ കവി പാടി വെച്ചതുപോലെ...
രണ്ടുനാൾ സങ്കടകണ്ണീർ കഴിയുമ്പോൾ ഉറ്റവർ പോലും മറക്കില്ലേ നിൻ മരണം
മറക്കും മരണം എന്ന സത്യത്തിന്റെ തത്വശാസ്ത്രം അപ്രകാരമാണ്. മരിച്ചാലും മറക്കില്ല എന്ന് വാക്ക് മരണത്തിലെ മറക്കൂ എന്ന സത്യമാണ്.
ഇതൊരു ഓർമ്മപ്പെടുത്തലാണ്.
ഉറ്റസുഹൃത്തും മരിച്ചെന്ന് അറിഞ്ഞ ഞാൻ വിദൂരത്തു നിന്ന് അവന്റെ അടുക്കലെത്തി. എത്തിയപ്പോൾ അല്പം താമസിച്ചു പോയിരുന്നു. പുഴക്കരയിൽ അവന്റെ ദേഹം ദഹിപ്പിയ്ക്കുകയാണ്. നേരം ഒരുപാടു വൈകി... ശൈത്യം അതിന്റെ സർവ്വശക്തിയുമെടുത്ത് പോരാടുന്നു. മരിച്ച സുഹൃത്തിന്റെ ബന്ധുക്കളും വീട്ടുകാരും അവന്റെ ചിതയിൽ നിന്ന് തീ കായുകയാണ്. എന്റെ മനസ്സിൽ തോന്നി എന്തൊരു ക്രൂരത...ആരാണിവർ?എന്താണിവർ കാണിക്കുന്നത്. ഇത്രവേഗം അവന്റെ സാന്നിധ്യം അവർ മറന്നു. ആ എരിയുന്നത് അവൻ ആണെന്ന ബോധം അവർക്ക് ഇല്ലാതായോ. അവരോട് പുച്ഛം തോന്നി ഞാൻ അല്പം മാറിനിന്നു. നേരം പിന്നെയും ചെന്നപ്പോൾ ശൈത്യം എന്നെയും തോൽപ്പിച്ചു. ഞാനും നല്ല അവന്റെ ചിന്തയുടെ അരികിൽ പോയിരുന്നു. ദൂരെ കോഴി കൂവി കൂവുന്നത് ഞാൻ കേട്ടു.
ജീവിതം ഇത്രമാത്രമേയുള്ളൂ.
ബിനീഷ് തോമസ്