കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി: മന്ത്രി ആന്റണി രാജു

കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങള്‍ക്കും ഈ നവംബര്‍ ഒന്ന് മുതല്‍ ഡ്രൈവര്‍ക്കും മുന്‍ സീറ്റിലെ സഹയാത്രികനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഗതാഗത വകുപ്പിന്റെ അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30ത് വരെ 56,67,853 ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. അപകടത്തിലും മരണ നിരക്കിലും കുറവ് ഉണ്ടായിട്ടുണ്ടെന്നും എ.ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം നിയമ ലംഘനത്തിലൂടെ 14.87 കോടി രൂപ പിഴായി പിരിഞ്ഞുകിട്ടിയതായും മന്ത്രി പറഞ്ഞു.

എ.ഐ ക്യാമറ സ്ഥാപിച്ചതിനെ തുടര്‍ന്ന് റോഡ് അപകടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കും ഗതാഗത മന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്കും പൊലീസ് സോഫ്റ്റ് വെയറില്‍ അന്നു വരെയുള്ള കണക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

2023 ഓഗസ്റ്റ് മാസത്തെ റോഡ് അപകടം സംബന്ധിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് ഗവണ്‍മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്ന കണക്ക് സെപ്റ്റംബര്‍ അഞ്ചിന് കേരളാ പൊലീസിന്റെ റാപ്പിഡ് സോഫ്റ്റ് വെയറില്‍ നിന്ന് ലഭ്യമായ കണക്ക് പ്രകാരം തന്നെയെന്ന് തെളിയിക്കുന്ന രേഖകളും മന്ത്രി പുറത്തു വിട്ടു. ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉന്നയിച്ച പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദേഹം പറഞ്ഞു.

സെപ്റ്റംബര്‍ മാസത്തെ കണക്ക് പ്രകാരം എം.പി, എം.എല്‍.എമാര്‍ 56 പ്രാവശ്യം നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. 102,80,15,250 രൂപയുടെ ചെല്ലാന്‍ തയ്യാറാക്കിയെങ്കിലും 14,88,25,250 രൂപയാണ് ഈ മാസം വരെ പിഴയായി ഒടുക്കിയിട്ടുള്ളത്.

കൂടാതെ മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന സമയം തന്നെ പരിവാഹന്‍ വെബ് സൈറ്റില്‍ നിന്നും എസ്.എം.എസ് സന്ദേശം വാഹന ഉടമകള്‍ക്ക് രജിസ്ട്രേഡ് മൊബൈല്‍ നമ്പറില്‍ ലഭ്യമാണ്. സന്ദേശത്തില്‍ ലഭ്യമാകുന്ന ലിങ്കില്‍ നിന്നും വാഹനത്തിന്റെ നിയമ ലംഘനം വ്യക്തമാകുന്ന ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാഹന ഉടമയ്ക്ക് ലഭിക്കുന്നതിനൊപ്പം ഇ-ചെല്ലാന്‍ നോട്ടീസ് വാഹന ഉടമയ്ക്ക് തപാല്‍ മാര്‍ഗം അയച്ചു നല്‍കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.