വിമാനയാത്രക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറി; പരാതിയുമായി മലയാള നടി

 വിമാനയാത്രക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറി; പരാതിയുമായി മലയാള നടി

കൊച്ചി: വിമാനയാത്രക്കിടെ മോശം അനുഭവം ഉണ്ടായെന്ന പരാതിയുമായി യുവനടി. സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് മലയാളത്തിലെ യുവനടി. സംഭവത്തിന് പിന്നാലെ ക്യാബിന്‍ ക്രൂവിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും താരം വ്യക്തമാക്കി.

മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. തൊട്ടടുത്ത സീറ്റിലിരിക്കുകയായിരുന്ന യാത്രക്കാരന്‍ മോശമായി പെരുമാറിയെന്നാണ് യുവതി ആരോപിക്കുന്നത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്നും പൊലീസിനോട് പരാതിപ്പെടാനാണ് പറഞ്ഞതെന്നും നടി വ്യക്തമാക്കി.

കൊച്ചിയിലെത്തിയ ശേഷം ഇമെയില്‍ വഴി നടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ക്ക് സഹയാത്രികരില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായുള്ള പരാതികള്‍ നേരത്തെയും ഉയര്‍ന്നിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.