മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ക്ക് ആധാര്‍ മാത്രം മതി; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

 മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ക്ക് ആധാര്‍ മാത്രം മതി; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ മതി. വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാര്‍ കാര്‍ഡിനെ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 21 സേവനങ്ങള്‍ക്ക് ഇനി മുതല്‍ ആധാര്‍ കാര്‍ഡ് മാത്രം മതിയാകും. ഈ സേവനങ്ങള്‍ക്ക് ഇനി മറ്റു രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതില്ല.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഉടമസ്ഥത കൈമാറല്‍, ആര്‍സി ബുക്കിലെ മേല്‍വിലാസം മാറ്റല്‍, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍, പെര്‍മിറ്റ് പുതുക്കല്‍ അടക്കമുള്ള സേവനങ്ങള്‍ ആധാര്‍ മാത്രം നല്‍കി നടത്താവുന്നതാണ്.

ആധാര്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി അടുത്തിടെ യുഐഡിഎഐ നീട്ടിയിരുന്നു. ഡിസംബര്‍ 14 വരെയാണ് ആധാര്‍ പുതുക്കാനുള്ള സമയപരിധി. ഓണ്‍ലൈന്‍ വഴി സൗജന്യമായി ആധാര്‍കാര്‍ഡ് പുതുക്കാവുന്നതാണ്. പത്ത് വര്‍ഷം മുന്‍പ് എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്നാണ് യുഐഡിഎഐ ആവശ്യപ്പെടുന്നത്. മൈ ആധാര്‍ പോര്‍ട്ടല്‍ വഴിയാണ് ആധാര്‍ ഓണ്‍ലൈനായി പുതുക്കേണ്ടത്. പേര്, വിലാസം തുടങ്ങിയവയില്‍ മാറ്റമുണ്ടെങ്കില്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.