തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ദിവ്യ.എസ് അയ്യര്‍ ഐഎഎസിനെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു. അദീല അബ്ദുള്ളയ്ക്ക് പകരമാണ് നിയമനം. വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പല്‍ അടുക്കുന്നതിന് മുമ്പായാണ് ചുമതല മാറ്റം.
ആറ് ജില്ലാ കളക്ടര്‍മാര്‍ക്കാണ് മാറ്റമുണ്ടായിരുക്കുന്നത്. ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി. കുമാറിനെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറായി നിയോഗിച്ചു. ജോണ്‍ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍. പത്തനംതിട്ട കളക്ടറായി എ. ഷിബുവിനെയും നിയോഗിച്ചു. സ്നേഹജ് കുമാറിനെ കോഴിക്കോട് കളക്ടറായും എല്‍. ദേവിദാസിനെ കൊല്ലം കളക്ടറായും വി. ആര്‍. വിനോദിനെ മലപ്പുറം കളക്ടറായും നിയോഗിച്ചു. അരുണ്‍ കെ.വിജയനാണ് പുതിയ കണ്ണൂര്‍ ജില്ലാ കളക്ടര്‍.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ഈ മാസം 15 ന് ആദ്യ ചരക്കുകപ്പല്‍ അടുക്കുമെന്നാണ് കരുതുന്നത്. തുറമുഖത്തിന് ആവശ്യമായ കൂറ്റന്‍ ക്രെയിനുകളുമായി ഇന്നലെ എത്തിയ കപ്പലാണ് തുറമുഖത്തെത്തുന്നത്. 15 ന് വൈകിട്ട് നാലിന് എത്തുന്ന കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും. അടുത്ത മെയ് മാസത്തോടെ തുറമുഖം ആദ്യഘട്ട പ്രവര്‍ത്തനത്തിന് സജ്ജമാകും.