തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ കഴക്കൂട്ടം 110 കെ.വി. സബ്‌സ്റ്റേഷന് സമീപമുള്ള തെറ്റിയാര്‍ തോട്ടില്‍ നിന്നും വെള്ളം സബ്‌സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്‌സ്റ്റേഷനില്‍ നിന്നുമുള്ള കുഴിവിള, യൂണിവേഴ്‌സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി. ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ഈ ഫീഡറുകള്‍ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂര്‍, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. മറ്റു മാര്‍ഗങ്ങളിലൂടെ ഈ പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കഴക്കുട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളിലാകെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ മുടങ്ങാനിടയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ കഴക്കൂട്ടം സബ്‌സ്റ്റേഷനില്‍ നിന്ന് വൈദ്യുതി എത്തുന്ന ടേള്‍സ്, മുട്ടത്തറ, വേളി എന്നീ സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും പൂര്‍ണമായി തടസപ്പെടുന്ന സാഹചര്യമുണ്ട്.