തുടര്‍ ഭരണം ലഭിക്കും മുന്‍പ് മേക്കോവറിനായി പിണറായി മുംബൈയിലെ പി.ആര്‍ ഏജന്‍സിയുടെ സേവനം തേടിയെന്ന് വി.ഡി സതീശന്‍

തുടര്‍ ഭരണം ലഭിക്കും മുന്‍പ് മേക്കോവറിനായി പിണറായി മുംബൈയിലെ പി.ആര്‍ ഏജന്‍സിയുടെ സേവനം തേടിയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: തുടര്‍ ഭരണം ലഭിക്കും മുന്‍പ് മേക്കോവറിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുംബൈയിലെ പി.ആര്‍ ഏജന്‍സിയുടെ സേവനം തേടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

പിണറായി വിജയന്റെ ശരീര ഭാഷ പഠിച്ച് എങ്ങനെ സംസാരിക്കണം എന്ന് പഠിപ്പിച്ചത് അവരാണെന്നും സതീശന്‍ ആരോപിച്ചു.രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു കെപിസിസി രാഷ്ട്രീയകാര്യ യോഗത്തില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് നിത്യേന ഒരു മണിക്കൂര്‍ പത്രസമ്മേളനം നടത്താനുള്ള വിദ്യകള്‍ മുഖ്യമന്ത്രിയെ പഠിപ്പിച്ചത് ഈ പിആര്‍ ഏജന്‍സിയാണ്. എന്തു പറയണം, എങ്ങനെ പറയണം, എപ്പോള്‍ പറയണം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ഏജന്‍സിയാണ് മുഖ്യമന്ത്രിയെ ഉപദേശിച്ചത്. കുരങ്ങിനും നായയ്ക്കും ഭക്ഷണം കൊടുക്കണം എന്നെല്ലാം അവരാണ് എഴുതിക്കൊടുത്തത്.

പി.ആര്‍ ഏജന്‍സി ഗ്രൂം ചെയ്ത മേക്കോവറാണ് പിണറായി വിജയനെന്നും ഇവരുടെ പ്രതിനിധികള്‍ നിയമസഭയുടെ ഗ്യാലറിയില്‍ വരെ എത്തിയിരുന്നുവെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈയിലെ പി.ആര്‍ ഏജന്‍സിക്കാര്‍ ഇപ്പോഴും ഇവിടെയുണ്ട്. എത്ര വര്‍ഷമായി പിണറായി വിജയന്‍ പിആര്‍ ഏജന്‍സിയെ കെട്ടിപ്പിടിച്ചു നടക്കുന്നു. അവരുണ്ടാക്കുന്ന കാപ്‌സ്യൂളാണു വിതരണം ചെയ്യുന്നത്. എന്നിട്ടാണ് സുനില്‍ കനഗോലുവിന്റെ പേരു പറഞ്ഞു കോണ്‍ഗ്രസിനു മേല്‍ ആരോപണമുന്നയിക്കുന്നത്.

കനഗോലു ഇപ്പോള്‍ കോണ്‍ഗ്രസ് അംഗമാണ്. ഏഴംഗ ടാസ്‌ക് ഫോഴ്‌സിലും അംഗമാണ്. കോണ്‍ഗ്രസ് എങ്ങനെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തണമെന്ന് പിണറായി വിജയന്‍ പഠിപ്പിക്കേണ്ട ആവശ്യമില്ല. കേരളത്തിലെ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പു നടത്താന്‍ അറിയാമെന്ന് രണ്ട് ഉപതിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പിണറായിക്കു ബോധ്യപ്പെട്ടു കാണുമല്ലോയെന്നും സതീശന്‍ ചോദിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.