വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ അലാസ്‌കയില്‍ നടത്തിയ കൂടിക്കാഴ്ച ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ രസകരമായൊരു ചര്‍ച്ചകൊഴുക്കുകയാണ്. ട്രംപുമായി ചര്‍ച്ച നടത്തിയത് പുടിനല്ലെന്നും അത് അപരന്മാരില്‍ ഒരാളാണെന്നുമാണ് വാദം.
പുടിന്റെ രൂപവും നടത്തവുമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരമൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ട്രംപുമായി ചര്‍ച്ചയ്ക്ക് വന്ന വ്യക്തിയുടെ കവിളുകള്‍ കൂടുതല്‍ ഉരുണ്ടതാണെന്നും വലതുകൈ അധികം ചലിപ്പിക്കാതെയുള്ള പുടിന്റെ പതിവ് നടത്തമല്ല കാണാന്‍ കഴിയുന്നതെന്നുമാണ് പലരും പറയുന്നത്.
ട്രംപിനെ കാണുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പതിവിലും കൂടുതല്‍ ഉന്മേഷവാനായി കാണപ്പെട്ടതാണ് മറ്റു ചിലരില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. അദേഹം ഒരുപാട് ചിരിക്കുന്നു. എപ്പോഴും ചിരിയടക്കാന്‍ ശ്രമിക്കുന്നതു പോലെ തോന്നുന്നു എന്നാണ് ചില കമന്റുകള്‍.
റഷ്യന്‍ പ്രസിഡന്റിന് വേണ്ടി കാലാകാലങ്ങളില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന നിരവധി അപരന്മാര്‍ ഉണ്ടെന്ന തരത്തിലേക്കും ചര്‍ച്ചകള്‍ വ്യാപിച്ചിട്ടുണ്ട്. തനിക്ക് പകരമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ പുടിന്‍ അപരന്മാരെ ഉപയോഗിക്കുന്നു എന്ന ഊഹാപോഹങ്ങള്‍ പുതിയതല്ല.
പല അവസരങ്ങളിലും റഷ്യന്‍ പ്രസിഡന്റിനെ സസൂഷ്മം നിരീക്ഷിക്കുന്നവര്‍ അദേഹത്തിന് ഒന്നിലധികം അപരന്മാരുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. പുടിന്റെ അപരന്മാര്‍ അദേഹവുമായി പരമാവധി സാമ്യം തോന്നിക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്നും പ്രചരണങ്ങളുണ്ട്.
വലതു കൈ ശരീരത്തോട് ചേര്‍ത്ത് നിശ്ചലമായി വെക്കുകയും ഇടത് കൈ സാധാരണപോലെ വീശിയുമാണ് പുചിന്‍ നടക്കുന്നത്. ഇത് അനുകരിക്കാന്‍ പ്രയാസമാണെന്നും ഇതുവഴി അപരന്‍മാരെ തിരിച്ചറിയാന്‍ കഴിയുമെന്ന വാദവും സജീവമാണ്.