ന്യൂഡൽഹി: കോവിഡ് വാക്സീൻ കുത്തിവയ്പു തുടങ്ങുന്നതിനു മുന്‍പായി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ചനടത്തും. തിങ്കളാഴ്ച വൈകിട്ട് നാലുമണിയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് മുന്‍പായി ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്നലെ രാജ്യത്തെ എഴുനൂറിലധികം ജില്ലകളില്‍ വാക്സിന്‍ ഡ്രൈ റണ്‍ നടന്നിരുന്നു. ഡ്രൈ റണ്‍ തീർത്തും വിജയകരമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍. അതിനാൽ തന്നെ എത്രയും വേഗം സംസ്ഥാനങ്ങളിൽ കുത്തിവെപ്പ് നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. പൂനെ മില്‍ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് വ്യോമ മാര്‍ഗമാണ് രാജ്യത്തെ 41 കേന്ദ്രങ്ങളിലേയ്ക്ക് വാക്സിന്‍ എത്തിക്കുക.