കൊവിഡ് വാക്‌സിന്‍: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്; കേരളത്തില്‍ വിതരണ കേന്ദ്രങ്ങളുടെ അന്തിമ പട്ടികയായി

കൊവിഡ് വാക്‌സിന്‍: മുഖ്യമന്ത്രിമാരുമായി  പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്;  കേരളത്തില്‍ വിതരണ കേന്ദ്രങ്ങളുടെ അന്തിമ പട്ടികയായി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈകുന്നേരം നാല് മണിക്കാണ് ചര്‍ച്ച. സംസ്ഥാനങ്ങള്‍ എടുത്തിട്ടുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ചയില്‍ വിലയിരുത്തും. വാക്‌സിന്‍ വിതരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാര്‍ ആക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും.

കേരളത്തില്‍ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുടെ അന്തിമ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. കളക്ടര്‍മാര്‍ക്കാണ് അതാത് ജില്ലകളിലെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുടെ ചുമതല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം തുടങ്ങും. കോള്‍ഡ് സ്റ്റോറേജ് ശൃംഖല പൂര്‍ണസജ്ജമാണ്. മരുന്ന് സ്വീകരിക്കാന്‍ 3.58 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ ഇതുവരെ പേര് റജിസ്റ്റര്‍ ചെയ്തു.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ നല്‍കില്ല. കോവിഡ് ലക്ഷണങ്ങളുളളവരെ ഒഴിവാക്കും. കോവിഡ് ബാധിച്ചവര്‍ക്കു നെഗറ്റീവ് ആയി നാല് ആഴ്ചയ്ക്കു ശേഷമേ വാക്‌സീന്‍ നല്‍കൂ. അതിനിടെ കേരളത്തിലെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് രാവിലെ 11 ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കൊവിഡ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുമായും കൊവിഡ് ആശുപത്രി അധികൃതരുമായും അവലോകന യോഗം ചേരും.

സംസ്ഥാനത്തെ കൊവിഡ് രോഗികള്‍ ഉയരാനുളള സാഹചര്യം, പരിശോധന, നിരീക്ഷണം, ചികില്‍സ തുടങ്ങിയ കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. 16 ന് സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന സാഹചര്യത്തില്‍ 17നു നിശ്ചയിച്ചിരുന്ന പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണം മാറ്റി. കേന്ദ്ര നിര്‍ദേശപ്രകാരമാണു നടപടി. പുതിയ തീയതി പിന്നീട് തീരുമാനിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.