കൂടുതല്‍ വാക്‌സിനുകള്‍ ഉടന്‍; ആദ്യഘട്ട ചെലവ് കേന്ദ്രം വഹിക്കും

കൂടുതല്‍ വാക്‌സിനുകള്‍ ഉടന്‍;  ആദ്യഘട്ട ചെലവ് കേന്ദ്രം വഹിക്കും

ന്യൂഡല്‍ഹി: കൂടുതല്‍ കോവിഡ് വാക്‌സിനുകള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കും. മൂന്നു കോടി ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കാന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കി. ഒരു കോടി വാക്‌സിനാണ് ഓര്‍ഡര്‍ നല്‍കിയത്. ആദ്യ ഘട്ടത്തിലെ മൂന്നു കോടി ആളുകള്‍ക്കുള്ള വാക്‌സിന്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുന്നത്. മൂന്നു കോടിയില്‍ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവര്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ നല്‍കുന്നത്. അതിന് ശേഷമായിരിക്കും പൊലീസ് അടക്കമുള്ളവര്‍ക്ക്. 50 വയസിന് മുകളിലുള്ള ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്കായിരിക്കും മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.

ശാസ്ത്രരംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങള്‍ വിശ്വാസത്തിലെടുക്കണം. രണ്ട് വാക്‌സീനുകള്‍ക്ക് ശാസ്ത്രീയ അനുമതി കിട്ടിക്കഴിഞ്ഞു. ഇത് അഭിമാന നിമിഷമാണ്. നാലിലധികം വാക്‌സീനുകള്‍ പരീക്ഷണ ഘട്ടത്തിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനേഷനില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒരേ മനസോടെ നീങ്ങണമെന്ന് യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.