ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
സമിതി അംഗങ്ങളില്‍ മൂന്ന് പേര്‍ നിയമത്തെ പിന്തുണയ്ക്കുന്നവരാണ്. പേരുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതാണോ എന്ന് വ്യക്തമാകണം. സര്‍ക്കാര്‍ കുറുക്കുവഴികള്‍ തേടുകയാണ്. കേന്ദ്ര മന്ത്രിമാര്‍ക്ക് കഴിയാത്ത കാര്യം സമിതിക്ക് എങ്ങനെ സാധിക്കുമെന്നും വേണുഗോപാല്‍ ചോദിച്ചു.
ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ദമാകും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രതിഷേധിക്കും. സുപ്രീം കോടതി ഇടപെടലിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ജനരോഷം കണക്കിലെടുത്തുള്ള ഇടപെടലാണ്. എന്നാല്‍ ഉത്തരവ് കര്‍ഷക സമരം അവസാനിപ്പിക്കാന്‍ പര്യാപ്തമല്ലെന്നും ജനാധിപത്യ വിരുദ്ധനിയമം പിന്‍വലിക്കണമെന്നതാണ് കര്‍ഷകരുടെ നിലപാടെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭുപീന്ദര്‍ സിംഗ് മാന്‍, മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് അനില്‍ ധനാവത്ത്, കാര്‍ഷിക മേഖലയില്‍ വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി എന്നിവരാണുള്ളത്. ഇവരില്‍ പലരും കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷക സംഘടനകളും പ്രതികരിച്ചിട്ടുണ്ട്.