22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം പാക് ഭീകരര്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15 പേര്‍

22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം പാക് ഭീകരര്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15 പേര്‍

ന്യൂഡല്‍ഹി: രാജ്യം വിറച്ച 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിവസം തന്നെ വീണ്ടും ആക്രമണം ഉണ്ടായതിന്റെ നടുക്കത്തിലാണ് ഇന്ത്യക്കാര്‍. ഡിസംബര്‍ 13 ന് പാര്‍ലമെന്റില്‍ ആക്രമണം നടത്തുമെന്ന് ഖാലിസ്ഥന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ദ് സിങ് പന്നൂന്‍ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നതും ഈ ആക്രമണത്തോട് ചേര്‍ത്ത് വായിക്കണം.

2001 ഡിസംബര്‍ 13 ന് ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ആഭ്യന്തര വകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ച കാറിലെത്തിയ അഞ്ചംഗ ഭീകരര്‍ ആക്രമണം നടത്തിയത്. ലഷ്‌കര്‍-ഇ-ത്വയിബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരസംഘടനകളായിരുന്നു ആക്രമണത്തിന് പിന്നില്‍.

സംശയം തോന്നിയതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ തടഞ്ഞതിന് പിന്നാലെ പുറത്തിറങ്ങിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. നൂറിലധികം എംപിമാരാണ് ആ സമയം പാര്‍ലമെന്റിലുണ്ടായിരുന്നത്. അര മണിക്കൂറോളം നീണ്ട വെടിവയ്പ്പിനൊടുവില്‍ ആക്രമണം നടത്തിയ അഞ്ച് ഭീകരരും എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ലമെന്റിലെ ഉദ്യാന പാലകരുമുള്‍പ്പടെ 15 പേരാണ് കൊല്ലപ്പെട്ടത്.

ലഷ്‌കര്‍-ഇ-ത്വയിബയും ജെയ്ഷ്-ഇ-മുഹമ്മദും സംയുക്തമായി ആസൂത്രണം ചെയ്ത ആക്രമണമാണെന്നും അഞ്ച് ഭീകരരും പാകിസ്ഥാന്‍ പൗരന്മാരാണെന്നും പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു.

പിന്നാലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവുമായ അഫ്സല്‍ ഗുരു, ഷൗക്കത്ത് ഹുസൈന്‍, ഇയാളുടെ ഭാര്യ അഫ്സാന്‍ ഗുരു, എസ്എആര്‍ ജിലാനി എന്നിവര്‍ അറസ്റ്റിലായി. അഫ്സല്‍ ഗുരുവിനെ പിന്നീട് തൂക്കിലേറ്റി. അഫ്സല്‍ ഗുരുവിന്റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പുന്നൂന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.