കേരളത്തില്‍ കോവിഡ്: മുന്‍കരുതല്‍ ശക്തമാക്കി കര്‍ണാടക; 60 വയസ് കഴിഞ്ഞവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി

കേരളത്തില്‍ കോവിഡ്: മുന്‍കരുതല്‍ ശക്തമാക്കി കര്‍ണാടക;  60 വയസ് കഴിഞ്ഞവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി

ബംഗളൂരു: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക മുന്‍കരുതല്‍ നടപടി ശക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സുരക്ഷയുടെ ഭാഗമായി 60 വയസ് കഴിഞ്ഞവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കാനും തീരുമാനമായി. ഇക്കാര്യം കര്‍ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവാണ് മാധ്യമങ്ങളോട് പറഞ്ഞത്. ബന്ധപ്പെട്ട ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഇപ്പോള്‍ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ കണ്ടാല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്ന് മടങ്ങുന്ന അയ്യപ്പ തീര്‍ഥാടകര്‍ക്ക് എന്തെങ്കിലും നിയന്ത്രണമുണ്ടാകുമോ എന്ന ചോദ്യത്തിന് ആളുകളുടെ സഞ്ചാരത്തിനോ ഒത്തുചേരലിനോ നിലവില്‍ നിയന്ത്രണങ്ങളൊന്നും ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

പല രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സിംഗപ്പൂരില്‍ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനോടകം മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഞായറാഴ്ച ഇന്ത്യയില്‍ മൊത്തം 122 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് രോഗമുള്ളവരുടെ എണ്ണം 1828 ആയി. 1634 രോഗികള്‍ കേരളത്തിലാണ്. പനി, മൂക്കൊലിപ്പ്, തൊണ്ട വേദന, ഗ്യാസ്‌ട്രോ-ഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.