ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ ചുമതല സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സി(സിഐഎസ്എഫ്)ന് നല്‍കി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞയാഴ്ച പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്നാണ് പാര്‍ലമെന്റിനുള്ളിലെ സുരക്ഷാ ചുമതലയില്‍ നിന്ന് ഡല്‍ഹി പോലീസിനെ പൂര്‍ണമായും ഒഴിവാക്കിയത്.
ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പാര്‍ലമെന്റിനുള്ളില്‍ പ്രവേശിക്കുന്നവരുടെ ദേഹപരിശോധന ഉള്‍പ്പെടെ എല്ലാവിധ സുരക്ഷാ നടപടിക്രമങ്ങളും ഇനി മുതല്‍ സിഐഎസ്എഫ് കൈകാര്യം ചെയ്യും.
ലോക്സഭാ സെക്രട്ടേറിയറ്റിന് തന്നെയായിരിക്കും കെട്ടിട സമുച്ചയത്തിനുള്ളിലെ സുരക്ഷയുടെ ഉത്തരവാദിത്വം. മന്ദിരത്തിന് പുറത്തുള്ള സുരക്ഷാചുമതല ഡല്‍ഹി പോലീസിനാണ്. കഴിഞ്ഞയാഴ്ച ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും സുരക്ഷാ ഏജന്‍സികളുടെ ചുമതലയിലുള്ള മാറ്റം നടപ്പിലാക്കുന്നത്.
വിമാനത്താവളങ്ങളും അണുശക്തി കേന്ദ്രങ്ങളും ഉള്‍പ്പെടെ 350 ലധികം സ്ഥാപനങ്ങളില്‍ നിലവില്‍ സിഐഎസ്എഫ് സുരക്ഷാ ചുമതല നിര്‍വഹിക്കുന്നുണ്ട്. സുരക്ഷാ പാളിച്ച ഉണ്ടായതിനു പിന്നാലെ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശന വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കടുപ്പിച്ചിരുന്നു.
സന്ദര്‍ശകര്‍ക്കും അത്യാവശ്യമല്ലാത്ത ജീവനക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തി. എംപിമാര്‍ക്കും അവരുടെ സ്റ്റാഫിനും പ്രത്യേക പ്രവേശന കവാടങ്ങള്‍ അനുവദിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തിയെങ്കിലും പിന്നീട് മൂന്നാമത്തെ കവാടത്തിലൂടെ പ്രവേശനാനുമതി നല്‍കി.
സന്ദര്‍ശകരെ വീണ്ടും അനുവദിക്കുന്ന പക്ഷം നാലാം ഗേറ്റിലൂടെയാകും പ്രവേശിപ്പിക്കുന്നത്. സന്ദര്‍ശകരുടെ ഗ്യാലറി ചില്ലുകൊണ്ട് മറക്കാനും തീരുമാനമായി. വിമാനത്താവളങ്ങളിലേതു പോലെയുള്ള ബോഡി സ്‌കാന്‍ മെഷിനുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.