ന്യൂഡല്‍ഹി: ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ (I.N.D.I.A) സഖ്യവും.
അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങളില്‍ നിന്ന് പാഠം പഠിച്ചുവെന്ന് കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യകക്ഷിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ തോല്‍വിയില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് വിജയം ഉറപ്പിച്ചുള്ള പ്രവര്‍ത്തനമാകും കോണ്‍ഗ്രസ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സഖ്യത്തിന്റെ തയാറെടുപ്പുകളെ വിലയിരുത്തുന്നതിന് വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തിനു ശേഷമാണ് ഖാര്‍ഗെയുടെ പ്രസ്താവന.
അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നിരാശാജനകമായിരുന്നു. തെലങ്കാനയിലെ വിജയം മാത്രമാണ് ഏക ആശ്വാസം. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് വിശകലനം നടത്താന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാല് സംസ്ഥാനങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങിയെങ്കിലും വോട്ട് ശതമാനത്തിലുണ്ടായ വര്‍ധനവ് പ്രതീക്ഷ നല്‍കുന്നുവെന്ന് പറഞ്ഞ ഖാര്‍ഗെ സംഭവിച്ച തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അവ ഒഴിവാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 19ന് ചേര്‍ന്ന് ഇന്ത്യ സഖ്യത്തില്‍ സഖ്യകക്ഷികള്‍ തമ്മിലുള്ള സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് തീരുമാനമായി. ഇതിനായി അഞ്ചംഗ സംഘത്തെയും നിയമിച്ചിട്ടുണ്ട്. ഇലക്ട്രിക് വോട്ടിംഗ് മെഷീനില്‍ എതിര്‍കക്ഷികള്‍ കൃത്രിമം കാട്ടുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.