തൃണമൂല്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ജെഡിയുവും ചടങ്ങ് ബഹിഷ്‌ക്കരിക്കും.
ന്യൂഡല്‍ഹി: അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ സഖ്യ കക്ഷികള്‍. ചടങ്ങില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കരുതെന്നാണ് ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാര്‍ട്ടികളും ആവശ്യപ്പെടുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ജെഡിയുവും ചടങ്ങ് ബഹിഷ്‌ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് സോണിയാഗാന്ധിക്ക് ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്.
സോണിയ അല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരെങ്കിലും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇതിനെതിരെ മുസ്ലീം ലീഗ് രംഗത്ത് വന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡിനെ ആശങ്കയറിയിച്ചിട്ടുണ്ട്.
അതേസമയം അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.