അഡലെയ്ഡില്‍ പുല്‍ക്കൂടൊരുക്കല്‍ മത്സരം നടത്തി

അഡലെയ്ഡില്‍ പുല്‍ക്കൂടൊരുക്കല്‍ മത്സരം നടത്തി

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ് സെന്റ് അല്‍ഫോന്‍സാ ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ഇടവകയില്‍ പുല്‍ക്കൂടൊരുക്കല്‍ മത്സരം സംഘടിപ്പിച്ചു. ഡിസംബര്‍ 24ന് ക്രിസ്തുമസ് സായാഹ്നത്തില്‍ പളളിയിലെത്തിയ വിശ്വാസികള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയാണ് പള്ളിയങ്കണത്തില്‍ പുല്‍ക്കൂടുകള്‍ നിരന്നത്. അഡലെയ്ഡ് സെന്റ് അല്‍ഫോന്‍സാ ഇടവകയെ ഫൊറോനയായി ഉയര്‍ത്തിയതിനു ശേഷം ആദ്യമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്.



ഇടവകയിലെ പത്ത് യൂണിറ്റുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. വിധികര്‍ത്താക്കളായി എത്തിയ ഇംഗ്ലീഷ്, ഇറ്റാലിയന്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ നിന്നുളള പ്രതിനിധികളെ വിസ്മയിപ്പിച്ച ഭാവനാസമ്പന്നമായ രൂപകല്‍പ്പനകളാണ് മാറ്റുരച്ചത്.



ഗലീലി കുടുംബ യൂണിറ്റാണ് മത്സരത്തില്‍ ഒന്നാം സമ്മാനമായ ഇരുപത്തിയയ്യായിരം രൂപ കരസ്ഥമാക്കിയത്. രണ്ടാം സമ്മാനമായ പതിനയ്യായിരം രൂപ ആവേ മരിയ യൂണിറ്റും മൂന്നാം സമ്മാനമായ അയ്യായിരം രൂപ അസീസി യൂണിറ്റുമാണ് നേടിയത്. ക്രിസ്തുമസ് കുര്‍ബാനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ സെന്റ് അല്‍ഫോന്‍സാ ഫൊറോനാ വികാരി റവ. ഡോ. സിബി പുളിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൈക്കാരന്മാരായ ജിനോയ് ജോസഫ്, ജിജി ചെറിയാന്‍, മത്സരത്തിന്റെ കോര്‍ഡിനേറ്ററായിരുന്ന ജിനേഷ് അഗസ്റ്റിന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.