ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ അധിക്ഷേപിച്ച് മാലിദ്വീപ് മന്ത്രിയുടെ പരാമർശത്തിന് പിന്നാലെ പ്രതിഷേധവുമായി ഇന്ത്യൻ സഞ്ചാരികൾ. മാലിദ്വീപിലേക്കുള്ള 8,000-ത്തിലധികം ഹോട്ടൽ ബുക്കിംഗുകളും 2,500 വിമാന ടിക്കറ്റുകളുമാണ് ഇതിനകം റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ. മാലിദ്വീപ് മന്ത്രി മറിയം ഷിയുനയാണ് മോഡിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.
പ്രധാനമന്ത്രി മോഡിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ചായിരുന്നു മന്ത്രിയുടെ അധിക്ഷേപകരമായ പരാമർശം. മാലിദ്വീപിലെ യുവ ശാക്തീകരണ മന്ത്രിയാണ് ഷിയുന. നരേന്ദ്ര മോഡിയെ ‘കോമാളി’യെന്നും ‘ഇസ്രായേലിന്റെ പാവ’യെന്നും വിളിച്ചായിരുന്നു പരിഹാസം.
ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ നരേന്ദ്ര മോഡി പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു അപകീർത്തി പരാമർശം.