കൊച്ചി: മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിനെ ചോദ്യം ചെയ്ത് കിഫ്ബി ഹൈക്കോടതിയില്‍. ഇ.ഡി മുന്‍പ് ആവശ്യപ്പെടുകയും നല്‍കിയതുമായ രേഖകളാണ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് കിഫ്ബി കോടതിയില്‍ വ്യക്തമാക്കിയത്.
കിഫ്ബിക്ക് വീണ്ടും സമന്‍സയച്ചതില്‍ ഇ.ഡിയോട് ഹൈക്കോടതി വിശദീകരണം തേടി. ബുധനാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
നോട്ടീസ് നല്‍കാന്‍ ഇ.ഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ വാദം. സമന്‍സില്‍ ഇ.ഡി പഴയ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുവെന്നാണ് ആക്ഷേപം. ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളെല്ലാം നേരത്തെ സമര്‍പ്പിച്ചതാണെന്നും കിഫ്ബി കോടതിയെ അറിയിച്ചു.
എന്നാല്‍ നേരത്തെ ആവശ്യപ്പെട്ടതിന്റെ സര്‍ട്ടിഫൈഡ് കോപ്പികളാണ് ആവശ്യപ്പെട്ടതെന്ന് ഇ.ഡി ഹൈക്കോടതിയില്‍ വ്യക്തമാക്കി. സര്‍ട്ടിഫൈഡ് കോപ്പി നല്‍കാന്‍ ബാധ്യതയുണ്ടെന്ന് കോടതി കിഫ്ബിക്ക് മറുപടി നല്‍കി. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
മസാല ബോണ്ട് കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കിഫ്ബി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.