ട്രാക്ടര്‍ റാലി: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി; തീരുമാനമെടുക്കേണ്ടത് പൊലിസെന്നും കോടതി

 ട്രാക്ടര്‍ റാലി: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി;  തീരുമാനമെടുക്കേണ്ടത് പൊലിസെന്നും കോടതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ റിപബ്ലിക് ദിനത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി. ക്രമസമാധാനം പൊലീസിന്റെ വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് തടയണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

റിപബ്ലിക് ദിന ആഘോഷങ്ങളെ തടസപ്പെടുത്തുന്ന റാലിയോ പ്രതിഷേധങ്ങളോ രാജ്യത്തെ നാണം കെടുത്തുമെന്ന് ഡല്‍ഹി പൊലീസ് മുഖേന കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. റിപബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് ട്രാക്ടര്‍ മാര്‍ച്ച്, ട്രോളി മാര്‍ച്ച്, വാഹന ജാഥ, മറ്റു രീതിയിലുള്ള പ്രതിഷേധങ്ങള്‍ നിയന്ത്രിക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം, 1000 ട്രാക്ടറുകളുടെ റാലി നടത്തുമെന്നും രാജ്പഥിലെ റിപബ്ലിക് ദിന പരേഡ് തടസപ്പെടുത്തില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. സമാധാനപരമായി പ്രതിഷേധിക്കും. 50 കിലോമീറ്ററാകും പരേഡ്. ഡല്‍ഹി -ഹരിയാന പൊലീസ് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി നിരന്തരം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ട്രാക്ടര്‍ റാലി നടത്താനുള്ള കര്‍ഷക സംഘടനകളുടെ തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.