രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതിക്ക് ക്ഷണം

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതിക്ക് ക്ഷണം

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഔദ്യോഗികമായി ക്ഷണിച്ച് രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി. നേരത്തെ ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് വിവാദമായിരുന്നു.

കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര, വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍, ആര്‍എസ്എസ് നേതാവ് രാം ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചുവെന്നും അയോധ്യയില്‍ വന്ന് സന്ദര്‍ശനം നടത്തുന്ന സമയം പിന്നീട് അറിയിക്കുമെന്നും വിഎച്ച്പി നേതാക്കള്‍ വെളിപ്പെടുത്തി.

പരിപാടിയിലേക്ക് ഔദ്യോഗികമായി 7000ല്‍ അധികം പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. ഇവരില്‍ ദര്‍ശകര്‍, രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, കായികതാരങ്ങള്‍, അഭിനേതാക്കള്‍, കര്‍സേവകരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടും. ഔദ്യോഗിക ക്ഷണം ഉള്ളവര്‍ക്കും സര്‍ക്കാര്‍ ഡ്യൂട്ടിയിലുള്ളവര്‍ക്കും മാത്രമേ അയോധ്യയില്‍ പ്രതിഷ്ഠാ ദിനത്തില്‍ പ്രവേശനം അനുവദിക്കൂ.

ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മുഖ്യാതിഥി. പ്രതിഷ്ഠാ ചടങ്ങിന് ശേഷം ജനുവരി 24 ന് രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.