ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ഇന്ത്യ മുന്നണി അധ്യക്ഷനായി തെരഞ്ഞെടുത്തു. ശനിയാഴ്ച 14 പ്രധാന പാർട്ടി നേതാക്കൾ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് വിഷയം സംബന്ധിച്ച് തീരുമാനമായത്. കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിസമ്മതിച്ചെന്ന് സൂചന.
ചെയർപഴ്സനെ തിരഞ്ഞെടുത്തതോടെ മുന്നിലുള്ള ഒരു കടമ്പകൂടി സഖ്യ കടന്നിരിക്കുകയാണ്. എന്നാൽ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള വലിയ കടമ്പകൾ സഖ്യത്തിനുമുന്നിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നതിനാൽ യുപിയിൽ സമാജ്‌വാദി പാർട്ടിയുമായുള്ള ചർച്ചകളിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
എഎപിയുമായുള്ള ചർച്ചകളിലും കല്ലുകടിയുണ്ട്. കോൺഗ്രസിന് ഡൽഹിയിൽ നാലും പഞ്ചാബിൽ ഏഴും സീറ്റുകൾ വേണമെന്നാണ് ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ എപി തയാറല്ല. ഭരണകക്ഷിയായതിനാൽ കൂടുതൽ സീറ്റുകളുടെ അവകാശം തങ്ങൾക്കു തന്നെയാണെന്നാണ് എഎപിയുടെ നിലപാട്. ഗോവ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലും സീറ്റ് വേണമെന്ന് എഎപി ആവശ്യപ്പെട്ടിട്ടുണ്ട്.