ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന വാര്‍ത്ത വ്യാജമായി സൃഷ്ടിച്ചതാണെന്ന് കോടതിയില്‍ ഏറ്റുപറഞ്ഞ് തെഹല്‍ക മാസിക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍. ഡല്‍ഹി ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ ഹാജരായാണ് തരുണ്‍ തേജ്പാലും സഹസ്ഥാപകന്‍ അനിരുദ്ധ ബഹാലും കുറ്റം ഏറ്റുപറഞ്ഞത്.
2001 ലാണ് മേജര്‍ ജനറല്‍ എം.എസ് അലുവാലിയയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത മാസിക പ്രസിദ്ധീകരിച്ചത്. ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന് പേരിട്ട സ്റ്റിങ് ഓപ്പറേഷനിലൂടെ പ്രതിരോധ ഇടപാടുകള്‍ക്കായി മേജര്‍ ജനറല്‍ കൈക്കൂലി വാങ്ങിയെന്നാണ് ഇവര്‍ ആരോപിച്ചത്. മേജര്‍ ജനറലായി സേവനത്തില്‍ നിന്ന് വിരമിച്ച എം.എസ് അലുവാലിയ കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു. അദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ പിന്‍വലിക്കുന്നതായും ഇവര്‍ കോടതിയില്‍ പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള പ്രമുഖ പത്രങ്ങളിലൂടെ നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്നും തേജ്പാലും ബഹലും കോടതിയില്‍ സമ്മതിച്ചു. കൂടാതെ ഇതാനായി പത്ത് ലക്ഷം രൂപ വീതം കെട്ടിവെക്കാമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
2002 ലാണ് മേജര്‍ ജനറല്‍ തെഹല്‍ക്കയ്ക്കെതിരെയും മാധ്യമ പ്രവര്‍ത്തകരായ തരുണ്‍ തേജ്പാല്‍, അനിരുദ്ധ ബഹല്‍, മാത്യു സാമുവല്‍ എന്നിവര്‍ക്കെതിരെയും മാനനഷ്ടകേസ് ഫയല്‍ ചെയതത്. സീ ടിവിയില്‍ സ്റ്റിങ് ഓപ്പറേഷന്‍ സംപ്രേക്ഷണം ചെയ്തതിനാല്‍ ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, സിഇഒ സന്ദീപ് ഗോയല്‍ എന്നിവരെയും അപകീര്‍ത്തി കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
മാനനഷ്ടക്കേസില്‍ തെഹല്‍കയും മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവലും മേജര്‍ ജനറലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു നേരത്തെയുള്ള വിധി. ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്ന വേളയിലാണ് എല്ലാം വ്യാജമാമെന്ന് കോടതി മുന്‍പാകെ ഇരുവരും സമ്മതിച്ചത്.
വാര്‍ത്ത പുറത്ത് വന്നതിന് ശേഷം മേജര്‍ ജനറല്‍ എം.എസ് അലുവാലിയ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള പ്രാരംഭ നടപടിയായ കോര്‍ട്ട് മാര്‍ഷല്‍ അടക്കം അദേഹം നേരിട്ടിരുന്നു. പിന്നീട് അദേഹത്തെ സര്‍വീസില്‍ നിന്ന് തരംതാഴ്ത്തുകയായിരുന്നു. മേജര്‍ ജനറല്‍ ഒരിക്കലും പണമോ വിലകൂടിയ വിസ്‌കിയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് സൈന്യത്തിന്റ അന്വേഷണ കോടതിയില്‍ തെഹല്‍ക പത്രപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍ സമ്മതിച്ചിരുന്നു.