തിരുവല്ല: കേരളത്തിലെ സഭകളുടെ ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്‍പത് വരെ നീതിയാത്ര സംഘടിപ്പിക്കും. തിരുവല്ലയിലെ മാര്‍ത്തോമാ സഭയുടെ ആസ്ഥാനത്ത് നിന്നും തിരുവനന്തപുരത്തേക്ക് ബിഷപ്പുമാരും വൈദീകരും വിശ്വാസ സമൂഹവും കാല്‍നടയായി ചേര്‍ന്നാണ് നീതിയാത്ര സംഘടിപ്പിക്കുന്നത്.
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌ക്കോളര്‍ഷിപ്പ് (80:20) വിഷയത്തില്‍ സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക, ദളിത് ക്രൈസ്തവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, പൂര്‍ണ സമയ സുവിശേഷ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നീതിയാത്ര.
29 ന് രാവിലെ ഒന്‍പതിന് തിരുവല്ല മാര്‍ത്തോമാ സഭയുടെ ആസ്ഥാനത്ത് നിന്നും പരമാധ്യക്ഷന്‍ കൂടിയായ ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്താ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിവിധ സഭകളുടെ അധ്യക്ഷന്മാര്‍ പങ്കെടുക്കും.
ഫെബ്രുവരി ഒന്‍പതിന് രാവിലെ 10.30ന് തിരുവനന്തപുരം എല്‍.എം.എസ് കോമ്പൗണ്ടില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടക്കുമെന്ന് കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മാര്‍ച്ചിന്റെ കണ്‍വീനര്‍മാരായ റവ. എ. ആര്‍. നോബിള്‍, ഷിബി പീറ്റര്‍ എന്നിവര്‍ അറിയിച്ചു.