അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു; ഇന്ത്യന്‍ വിമാനമെന്ന അഭ്യൂഹം തള്ളി വ്യോമയാന മന്ത്രാലയം

അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു; ഇന്ത്യന്‍ വിമാനമെന്ന അഭ്യൂഹം തള്ളി വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. ഇത് ഇന്ത്യന്‍ വിമാനമാണെന്ന അഭ്യൂഹം കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളി. മൊറോക്കയില്‍ രജിസ്റ്റര്‍ ചെയ്ത ചെറു വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമയാന മന്ത്രാലയം എക്സിലൂടെ അറിയിച്ചു.

അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വിമാനമാണ് തകര്‍ന്ന് വീണതെന്ന് ചില അഫ്ഗാനിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ സംഭവിച്ച നിര്‍ഭാഗ്യകരമായ വിമാനാപകടത്തില്‍പ്പെട്ടത് ഒരു ഇന്ത്യന്‍ ഷെഡ്യൂള്‍ഡ് എയര്‍ക്രാഫ്റ്റോ നോണ്‍ ഷെഡ്യൂള്‍ഡ് ചാര്‍ട്ടര്‍ വിമാനമോ അല്ല. മൊറോക്കന്‍ രജിസ്‌ട്രേഷനുള്ള ചെറുവിമാനമാണിത്' - വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ബദഖ്ഷാന്‍ പ്രവിശ്യയിലെ കുറാന്‍-മുഞ്ജാന്‍, സിബാക്ക് ജില്ലകള്‍ക്ക് സമീപമായി ടോപ്ഖാനയിലെ മലനിരകളിലാണ് യാത്രാ വിമാനം തകര്‍ന്നു വീണതെന്നാണ് അഫ്ഗാന്‍ വാര്‍ത്താ മാധ്യമമായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചിട്ടുണ്ടെന്നും ടോളോ ന്യൂസ് വ്യക്തമാക്കി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.