വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഡികാസ്റ്ററികളുടെ ചെലവ് ചുരുക്കലിനും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത മെച്ചപ്പെടുത്തുന്നതിനുമായിട്ടുള്ള നടപടികൾ ആരംഭിച്ച് ഫ്രാൻസിസ് മാർപാപ്പ. ജനുവരി 16 ന് പുറത്തിറക്കിയ രണ്ട് മോട്ടു പ്രോപ്രിയോയിലൂടെയാണ് ഫ്രാൻസിസ് മാർപാപ്പ ഈ വിഷയത്തിൽ ഇടപെട്ടത്.
മോട്ടു പ്രോപ്രിയോയുടെ രൂപത്തിലുള്ള ആദ്യത്തെ അപ്പസ്തോലിക കത്തിലൂടെ മാർപ്പാപ്പ, പരിശുദ്ധ സിംഹാസനത്തിന്റെ ഡികാസ്റ്ററികളുടെ ഭരണ പരിധികളും രീതികളും വ്യക്തമാക്കി. കത്തിലെ പ്രെഡിക്കേറ്റ് ഇവാഞ്ചേലിയത്തനുസരിച്ച്, റോമൻ ക്യൂറിയയുടെ പരിഷ്‌കരണത്തിന്, മൊത്തം ചെലവിന്റെ രണ്ട് ശതമാനം കവിയുമ്പോൾ, ഒരു വത്തിക്കാൻ സ്ഥാപനം സാമ്പത്തികകാര്യാലയത്തിന്റെ അംഗീകാരം തേടണമെന്ന് മാർപ്പാപ്പ പറഞ്ഞു.
രേഖയുടെ ഒരു ഭാഗത്ത് സാമ്പത്തിക ഇടപാടുകൾക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള പരിധി 30 ദിവസമാണെന്നാണ് പരാമർശിക്കുന്നത്. ഈ 30 ദിവസത്തിനുള്ളിൽ മറുപടി കൊടുത്തില്ലെങ്കിൽ അംഗീകാരം കൊടുത്തതായി കണക്കാക്കുന്നതായും രേഖയിൽ പറയുന്നു. മാത്രവുമല്ല ഈ നടപടികൾ 40 ദിവസം കടന്നു പോകാൻ പാടില്ലെന്നും രേഖയിൽ കർശനമായി നിഷ്കർഷിക്കുന്നു. മോട്ടു പ്രോപ്രിയോയുടെ ഭാഗമായ പ്രെഡിക്കേറ്റ് ഇവാഞ്ചേലിയത്തിൻ പ്രകാരം പൊതു കരാറുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങളിലെ സുതാര്യത, നിയന്ത്രണം, കരാറുകൾ തമ്മിലുള്ള മത്സരം എന്നിവ തുടരുമെന്നാണ് രേഖ പ്രതിബാധിക്കുന്നത്.