ഇംഫാല്‍: മണിപ്പൂരിലെ മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള ബറ്റാലിയന്‍ ക്യാമ്പില്‍ അസം റൈഫിള്‍സ് സൈനികന്‍ ആറ് സഹ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു.
മണിപ്പൂരില്‍ നിന്നുള്ളവരല്ലാത്ത ആറ് ജവാന്‍മാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. സംഭവത്തിന് മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അസം റൈഫിള്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ കലാപത്തിന്റെ വെളിച്ചത്തില്‍ കിംവദന്തികളും ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് സൈനിക വക്താവ് പറഞ്ഞു.
പരിക്കേറ്റവരാരും മണിപ്പൂരില്‍ നിന്നുള്ളവരല്ല എന്ന വസ്തുത കണക്കിലെടുത്ത് ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ നിലവിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെടുത്തരുതെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.