ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍.
റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി എത്തിയ മക്രോണ്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തന്റെ രാജ്യത്ത് പഠനം ഉറപ്പാക്കുമെന്ന് എക്‌സില്‍ കുറിച്ചു. 2030 ഓടെ ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 30,000 ആക്കുക എന്നതാണ് ലക്ഷ്യമെന്നും അദേഹം വ്യക്തമാക്കി.
ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാര്‍ഥികളെ സര്‍വ്വകലാശാലകളില്‍ ചേരാന്‍ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകള്‍ ആരംഭിക്കും. ഫ്രാന്‍സില്‍ പഠിച്ച മുന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുഗമമാക്കും. ഇന്ത്യയ്ക്കും ഫ്രാന്‍സിനും ഒരുമിച്ച് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. നിങ്ങളിലൂടെ അത് നേടുമെന്നും മക്രോണ്‍ യുവതയോട് പറഞ്ഞു.
'റിപ്പബ്ലിക് ദിനത്തില്‍ എന്റെ ഊഷ്മളമായ ആശംസകള്‍. നിങ്ങളോടൊപ്പമുണ്ടായതില്‍ സന്തോഷവും അഭിമാനനവുമുണ്ട്'- റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ എക്‌സില്‍ കുറിച്ചു.