പ്രമുഖ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ എഫ്സിആര്‍എ രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

പ്രമുഖ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ എഫ്സിആര്‍എ രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

വിദേശത്ത് നിന്നുള്ള സഹായം ലഭ്യമായില്ലെങ്കില്‍ സംഘടനയുടെ രാജ്യത്തെ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും.

മുംബൈ: വോട്ട് തട്ടാന്‍ ക്രൈസ്തവരോട് സ്‌നേഹം നടിക്കുന്ന കേന്ദ്ര സര്‍ക്കാരും ബിജെപിയും രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരായ ദ്രോഹം തുടരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകളിലൊന്നായ വേള്‍ഡ് വിഷന്‍ ഇന്ത്യയെ വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ നിരോധിച്ചു.

അതേസമയം രാജ്യത്തിനുള്ളില്‍ നിന്നു തന്നെ ധനസഹായത്തിന്റെ പിന്തുണയുള്ളതിനാല്‍ നിരോധനം രാജ്യത്തിലുള്ള ഏജന്‍സിയുടെ പദ്ധതികളെ പ്രതികൂലമായി ബാധിക്കില്ലെന്ന് സന്നദ്ധ സംഘടനയുടെ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വലിയ പദ്ധതികള്‍ക്ക് തിരിച്ചടിയാകും.

ഏഴ് പതിറ്റാണ്ടുകളായി രാജ്യത്തെ കുട്ടികള്‍ക്കായി സഹായം ലഭ്യമാക്കുന്ന വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ രാജ്യവ്യാപകമായ പ്രവര്‍ത്തനങ്ങളുടെ ചിലവ് നിറവേറ്റാന്‍ ആഭ്യന്തര ഫണ്ട് അപര്യാപ്തമായതിനാല്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്സിആര്‍എ) രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കും. 22 സംസ്ഥാനങ്ങളില്‍ വേള്‍ഡ് വിഷന്‍ ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിച്ച് വരുന്നു.

വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിന് പിന്നിലെ കാരണങ്ങളോ മറ്റ് വിവരങ്ങളോ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ എഫ്സിആര്‍എ രജിസ്ട്രേഷനും ആഭ്യന്തര മന്ത്രാലയം ഈ മാസം റദ്ദാക്കിയിരുന്നു.

2014 ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 16,000 ലധികം എന്‍ജിഒകളുടെ എഫ്സിആര്‍എ ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടുണ്ട്. 2022 ജനുവരിയിലെ കണക്കനുസരിച്ച് രാജ്യത്ത് 16,989 എഫ്സിആര്‍എ രജിസ്‌ട്രേഷനുള്ള എന്‍ജിഒകള്‍ ഉണ്ട്. മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ സന്നദ്ധ സ്ഥാപനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ക്രൈസ്തവ വിരുദ്ധ നടപടികള്‍ക്ക് ഇരയായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.