ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് ആരോപണം. ആം ആദ്മി പാര്‍ട്ടിയുടെ ഏഴ് എംഎല്‍എമാരുമായാണ് ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയതെന്ന് കെജ്രിവാള്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ താഴെവീഴുമെന്നും അറിയിച്ച ശേഷമാണ് ബിജെപി നേതാക്കള്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയതെന്നും ആരോപിക്കുന്നു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമെന്നും അറിയിച്ചു.
അതേസമയം തിരഞ്ഞെടുപ്പിലൂടെ ആം ആദ്മിയെ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ആം ആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നാണ് കെജ്രിവാള്‍ പറയുന്ന വാദം. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കാനല്ലെന്നും ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാനുമാണ് തന്നെ അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ നിരവധി ഗൂഢാലോചനകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ശ്രമത്തിന് മുതിര്‍ന്നതെന്നുമാണ് ആരോപണം. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണത്തെ ബിജെപി പൂര്‍ണമായും തള്ളികളഞ്ഞു.