ചെന്നൈ: രാജ്യത്ത് ഓരോ വര്‍ഷവും എഴുന്നൂറിലേറെ മെഡിക്കല്‍ കോളജുകളിലായി 1.10 ലക്ഷം കുട്ടികള്‍ പ്രവേശനം നേടുന്നുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ശരദ് കുമാര്‍ അഗര്‍വാള്‍. ഈ കോളജുകളില്‍ അന്‍പത് ശതമാനത്തിലും വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് അദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദേഹം.
എഴുന്നൂറിലേറെ മെഡിക്കല്‍ കോളജുകള്‍ ഉണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്. ഒരു ലക്ഷത്തിലേറെ കുട്ടികള്‍ പ്രവേശനം നേടുന്നു എന്നതും നല്ലതാണ്. എന്നാല്‍ ഈ മെഡിക്കല്‍ കോളജുകളില്‍ ആവശ്യത്തിനു സൗകര്യങ്ങളുണ്ടോ എന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഡോ. അഗര്‍വാള്‍ പറഞ്ഞു.
എംഡി/എംഎസ് ആണ് ഫാക്കല്‍റ്റിയാവാനുള്ള കുറഞ്ഞ യോഗ്യത. ഇതിന് ഒന്‍പതോ പത്തോ വര്‍ഷമെടുക്കും. എന്നാല്‍ അതിന് അനുസരിച്ചുള്ള ശമ്പളം ലഭിക്കുകയുമില്ല. മെഡിക്കല്‍ കോളജുകളുടെ ആവശ്യം പെട്ടെന്നു കൂടിയത് സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്ക് കാരണമായിട്ടുണ്ടെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി പദവി ആകര്‍ഷകമല്ലാതായത് മറ്റൊരു കാരണമാണെന്ന് രാജീവ് ഗാന്ധി ഹെല്‍ത്ത് സയന്‍സ് സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എസ് സച്ചിദാനന്ദ് പറഞ്ഞു. ചെറുപ്പക്കാരായ ഡോക്ടര്‍മാര്‍ക്ക് ആകര്‍ഷകമായ വിധത്തില്‍ ഫാക്കല്‍റ്റി പദവി പുതുക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ നടപടിയെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്കും സംവാദം വഴി തുറന്നു. നീറ്റ് മികച്ച പരീക്ഷയാണെന്ന് ഡോ. അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് ചെറിയ സമ്മര്‍ദം മാത്രമാണ് അതുണ്ടാക്കുന്നത്. പരീക്ഷയുടെ രാഷ്ട്രീയത്തെക്കുറിച്ചല്ല താന്‍ പറയുന്നതെന്നും അദേഹം വ്യക്തമാക്കി.