75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ടെലികോം ഡിപ്പാര്‍ട്ട്മെന്റ്

75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ടെലികോം ഡിപ്പാര്‍ട്ട്മെന്റ്


ന്യൂഡല്‍ഹി: ദശലക്ഷക്കണക്കിന് ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ടെലികോം ഡിപ്പാര്‍ട്ട്മെന്റ്. കമ്പനികളുടെ സിസ്റ്റത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ടെലികോം സര്‍വീസ് ദാതാക്കളോട് ടെലികോം ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശം നല്‍കി.

75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്ലൗഡ്സെക്കിന്റെ അവകാശവാദത്തിന് പിന്നാലെയാണ് നടപടി. ഉപയോക്താക്കളുടെ 1.8 ടിബി ഡേറ്റാബേസ് ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായാണ് കഴിഞ്ഞയാഴ്ച ക്ലൗഡ്സെക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഹാക്കര്‍മാര്‍ നിഷേധിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിയമ സംവിധാനങ്ങളില്‍ നിന്ന് തന്നെയാണ് ഡേറ്റ ശേഖരിച്ചത് എന്നാണ് ഹാക്കര്‍മാരുടെ വിശദീകരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പേര്, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, ആധാര്‍ വിവരങ്ങള്‍ അടക്കം 75 ലക്ഷം ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് ക്ലോഡ്സെക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരോട് അവരുടെ സിസ്റ്റങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താനാണ് ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചോര്‍ന്ന വിവരങ്ങള്‍ പഴയതാണെന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ അനൗദ്യോഗികമായി ടെലികോം ഡിപ്പാര്‍ട്ട്മെന്റിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ അപകട സാധ്യതയില്ലെന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. എന്നിരുന്നാലും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ഓപ്പറേറ്റര്‍മാരോട് ടെലികോം ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശം നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.