ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോക്ഷത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് ട്രാക്ടറുകളും ട്രെയിലറുകളുമായി ഫെബ്രുവരി 13 ന് ഒരു ലക്ഷം കര്‍ഷകര്‍ പങ്കെടുക്കുന്ന സമര റാലി അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെടും.
ഡോ. എം.എസ് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം എല്ലാ കാര്‍ഷിക വിളകള്‍ക്കും കുറഞ്ഞ താങ്ങുവില നടപ്പാക്കുക, കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം കടക്കണിയിലായ മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എഴുതി തള്ളുക, 58 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്കെല്ലാം പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കുക, കാര്‍ഷിക വിള ഇന്‍ഷുര്‍ ചെയ്യുന്നതിന് ആവശ്യമായ പ്രീമിയം തുക സര്‍ക്കാര്‍ അടയ്ക്കുക, ദില്ലി ചലോ കര്‍ഷക സമരത്തെ തുടര്‍ന്ന് കര്‍ഷകരുടെ പേരിലെടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കുക എന്നിവയാണ് മുഖ്യ ആവശ്യങ്ങള്‍.
ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരും പരിക്ക് പറ്റിയവരുമായ മുഴുവന്‍ കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും യു.പി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക, കൂട്ടക്കൊലക്ക് ഉത്തരവാദിയായ മന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക, വന്യജീവികളുടെ ആക്രമണം മൂലം കൃഷി ചെയ്യാന്‍ സാധ്യമാകാതെ വന്നിരിക്കുന്ന സാഹചര്യത്തില്‍ വനം-വന്യജീവി നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തി കര്‍ഷകര്‍ക്ക് കൃഷി ചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.
കാര്‍ഷിക രംഗത്തെ കോര്‍പ്പറേറ്റ് വല്‍കരണത്തിനെതിരെ 2021 ല്‍ നടന്ന 13 മാസം നീണ്ട ഐതിഹാസിക സമരത്തില്‍ 711 കര്‍ഷകരുടെ ജീവനാണ് ഹോമിക്കപ്പെട്ടത്. ആ ചെറുത്ത് നില്‍പ്പിനൊടുവില്‍ മുട്ട് മടക്കേണ്ടി വന്ന മോഡി സര്‍ക്കാര്‍ 2021 ഡിസംബര്‍ ഒമ്പതിന് കര്‍ഷക ദ്രോഹപരമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കാമെന്ന് സമ്മതിച്ചു.
അന്ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളുമായി ഒപ്പിട്ട കരാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇന്ത്യയിലെ കര്‍ഷകരെ മുഴുവന്‍ വഞ്ചിക്കുന്ന നടപടിയാണിതെന്ന് വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി.
മേല്‍ സൂചിപ്പിച്ച ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ തലത്തില്‍ നടക്കുന്ന കര്‍ഷക റാലിയുടെ ഭാഗമായി കേരളത്തിലും കര്‍ഷക മുന്നേറ്റം സജീവമാവുകയാണ്. ഇതിന്റെ ഭാഗമായി ജനുവരി 17 ന് കോട്ടയം പ്രസ് ക്ലബ്ബ് ഹാളില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി പ്രസിഡണ്ട് സര്‍വന്‍സിങ് പന്തേറിന്റെ അധ്യക്ഷതയില്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും യോഗം ചേര്‍ന്നിരുന്നു.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷക മുന്നേറ്റത്തിന്റെ കേന്ദ്രം തൃശൂര്‍ ആകേണ്ടത് അനിവാര്യമാണെന്ന് കര്‍ഷക നേതാക്കള്‍ പറയുന്നു. അതിന്റെ ഭാഗമായി ഫെബ്രുവരി നാലിന് തൃശൂര്‍ വിവേകോദയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കര്‍ഷകരുടെയും അവരെ പിന്തുണക്കുന്ന വിവിധ മേഖലകളില്‍ ഉള്ളവരുടെയും വിപുലമായ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.