ബംഗളൂരു: ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭാ മെത്രാന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ 'കാത്തലിക് കണക്ട്' മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഇന്ത്യയിലെ സഭയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളുമായാണ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സി.സി.ബി.ഐ.) മൊബൈല്‍ ആപ് പുറത്തിറക്കിയത്. ബംഗളൂരുവില്‍ നടന്ന പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചാണ് ആപ്പ് പുറത്തിറക്കിയത്.
ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോ ആപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ആന്റണി പൂല, ആര്‍ച്ച് ബിഷപ് ഡോ. അന്തോണി സാമി, ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കുട്ടോ, ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ, റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, മൈക്കിള്‍ ഡിസൂസ എന്നിവര്‍ പങ്കെടുത്തു.
സഭയും വിശ്വാസികള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനു സഹായിക്കുംവിധമാണ് 'കാത്തലിക് കണക്ട്' മൊബൈല്‍ ആപ്പ് രൂപകല്‍പന ചെയ്തിട്ടുള്ളത്.
ആത്മീയ കാര്യങ്ങള്‍, കത്തോലിക്കാ ജീവിതം സംബന്ധിച്ച പ്രധാന വിവരങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, ജോലി, അടിയന്തര സഹായം, സഭാ വാര്‍ത്തകള്‍ എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ കൂട്ടിയിണക്കിയാണ് പുതിയ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.
സമീപത്തുള്ള പള്ളികള്‍, സഭ നല്‍കുന്ന വിവിധ സേവനങ്ങള്‍, വിവിധ കത്തോലിക്കാ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയെക്കുറിച്ചും അറിയാം. വിശ്വാസികള്‍ക്ക് അവരുടെ ഇടവകയുമായും രൂപതയുമായും എളുപ്പത്തില്‍ ബന്ധപ്പെടാനുമാകും. വിശ്വാസികള്‍ക്ക് അവരുടെ ഇടവകയും രൂപതയും തിരഞ്ഞെടുത്ത് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം.