ബംഗളൂരു: കര്‍ണാടക കാപ്പിത്തോട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു തണ്ണീര്‍ക്കൊമ്പന്‍. ജലസേചനത്തിനുള്ള പൈപ്പുകള്‍ തകര്‍ക്കലായിരുന്നു കൊമ്പന്റെ
പ്രധാന വിനോദം. പൈപ്പില്‍ നിന്നുള്ള ജലധാരയില്‍ കുളിച്ച് രസിച്ചും വെള്ളം കുടിച്ചും മണിക്കൂറുകളോളം നില്‍ക്കുക പതിവായതോടെയാണ് കാട്ടുകൊമ്പന് തണ്ണീര്‍ക്കൊമ്പന്‍ എന്ന പേര് വീണത്.
കൃഷിയിടങ്ങളിലും തോട്ടങ്ങളിലും നാശനഷ്ം ഉണ്ടാക്കുമായിരുന്നെങ്കിലും ഇതുവരെ ആരെയും ഉപദ്രവിച്ച ചരിത്രമില്ല. ഇന്നലെ പുലര്‍ച്ചെയോടെ പായോട് കുന്നിലാണ് ആന ആദ്യമെത്തിയത്. പിന്നീട് മാനന്തവാടി പുഴ നീന്തിക്കടന്ന് നഗരത്തിലെത്തിയ ആന താലൂക്ക് ഓഫീസ്, ട്രാഫിക് പൊലീസ് സ്റ്റേഷന്‍, ട്രഷറി, കോടതിക്കരികിലൂടെ നീങ്ങി. ആന ഇറങ്ങിയതിന് പിന്നാലെ നഗരത്തിലെ സ്‌കൂളുകള്‍ക്കും അവധി നല്‍കി. നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസം ബന്ദിപ്പുര്‍ വന മേഖലയില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണിതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. പകല്‍ മുഴുവന്‍ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേര്‍ന്നാണ് നിലയുറപ്പിച്ചത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല ആയതിനാല്‍ ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിടുകയായിരുന്നു.
കൃഷിയിടങ്ങളിലും തോട്ടങ്ങളിലും നാശനഷ്മുണ്ടാക്കുമായിരുന്നെങ്കിലും ഇതുവരെ ആരെയും ഉപദ്രവിച്ച ചരിത്രം ഈ കൊമ്പനില്ല. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയില്‍ കയറ്റി ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയത്. അര്‍ധ രാത്രിയോടെ ആനയെ ബന്ദിപ്പുര്‍ വനത്തില്‍ തുറന്നുവിട്ടു. പിന്നാലെയാണ് ആന ചരിഞ്ഞത്. ആനയുടെ കാലിന് പരിക്കേറ്റതായി കര്‍ണാടകയില്‍ നിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
ആനയെ മയക്കുവെടി വച്ച് വാഹനത്തില്‍ കയറ്റുന്ന സമത്തു തന്നെ തീര്‍ത്തും അവശനായിരുന്നു. എന്നാല്‍ എന്താണ് മരണ കാരണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല. ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഒരു മാസത്തിനിടെ രണ്ടു തവണ തണ്ണീര്‍ക്കൊമ്പനെ മയക്കുവെടി വെച്ചിരുന്നു. ജനുവരി പത്തിനാണ് കര്‍ണാടക ഹാസന്‍ ഡിവിഷനിലെ ബേലൂര്‍ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ തണ്ണീര്‍ക്കൊമ്പനെ ബന്ദിപ്പുര്‍ വനത്തിലേക്ക് വിട്ടത്. അവിടെ നിന്നാണ് മാനന്തവാടിയില്‍ എത്തിയത്.