കൂദാശ പരികർമ്മത്തിൽ നിശ്ചയിച്ചിരിക്കുന്ന വാക്കുകൾ മാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്താൽ കൂദാശ അസാധു: വത്തിക്കാൻ തിരുസംഘ കാര്യാലയം

കൂദാശ പരികർമ്മത്തിൽ നിശ്ചയിച്ചിരിക്കുന്ന വാക്കുകൾ മാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്താൽ കൂദാശ അസാധു: വത്തിക്കാൻ തിരുസംഘ കാര്യാലയം

വത്തിക്കാൻ ന്യൂസ്: കൂദാശ പരികർമ്മ രീതികളിലും കൗദാശിക വസ്തുക്കളിലും മാറ്റം വരുത്തിയാൽ ആ കൂദാശ അസാധുവാകും എന്ന് വ്യക്തമാക്കി ഔദ്യോഗിക കുറിപ്പ് പുറത്തിറക്കി വത്തിക്കാന്റെ വിശ്വാസകാര്യങ്ങൾക്കായുള്ള തിരുസംഘ കാര്യാലയം. ക്രിയാത്മകതയുടെ പേര് പറഞ്ഞ് കൂദാശയുടെ പരികർമ്മത്തിനായുള്ള നിർദ്ദിഷ്ട രീതികളും അതിനുപയോഗിക്കേണ്ട വസ്തുക്കളും യഥേഷ്ടം മാറ്റാൻ പാടില്ല. അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും അതായത് അങ്ങനെയൊരു കൂദാശാ പരികർമ്മം നടന്നിട്ടില്ല എന്നത് പോലെയാണെന്നും കുറിപ്പ് വ്യക്തമാക്കുന്നു.

ഇത് കേവലം സാങ്കേതികതയുടെയോ കാർക്കശ്യത്തിന്റെയോ പ്രശ്നമല്ലെന്നും പ്രത്യുത ദൈവത്തിൻറെ പ്രവർത്തത്തികൾക്ക് മുൻഗണന കൊടുത്തുകൊണ്ടുള്ളതാണെന്നും ക്രിസ്തുവിൻറെ ശരീരമായ സഭയുടെ ഐക്യം സംരക്ഷിക്കുകയണ് ഉദ്ദേശമെന്നും കുറിപ്പിൽ പറയുന്നു. കൂദാശ പരികർമ്മത്തിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ വാക്കുകളും ദൈവവചനത്തിൽ നിന്നും സഭയുടെ പാരമ്പര്യത്തിൽ നിന്നും ഉൾക്കൊണ്ടിട്ടുളളതും സഭ ഔദ്യോഗികമായി അംഗീകരിച്ചതുമാണ്.

അതിനാൽ തന്നെ ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിന്റെയോ താത്പര്യ പ്രകാരം അല്ല കൂദാശ പരികർമ്മം നടത്തേണ്ടത്. കൂദാശ പരികർമ്മം നടത്തുന്ന വ്യക്തി കൂദാശയിൽ നിന്നും ലഭ്യമാകുന്ന കൃപ പാകപ്പിയിഴകളില്ലാതെ വിശ്വാസിക്ക് ലഭ്യമാക്കണം. അതിനാൽ തന്നെ ഒരു വാക്ക് പോലും തിരുത്താനോ, മാറ്റാനോ കൂട്ടിച്ചേർക്കാനോ പാടില്ല എന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

കൂദാശകളുടെ അസാധുതയെക്കുറിച്ച് പരാമർശിക്കേണ്ട സാഹചര്യങ്ങൾ പലതുണ്ടായതിനാലാണ് കുറിപ്പ് ഇറക്കിയത് എന്ന് തിരുസംഘം പറഞ്ഞു. കൂദാശ അസാധുവാക്കേണ്ടി വന്ന സാഹചര്യങ്ങൾ ഉണ്ടായി. ഇത്തരം സാഹചര്യത്തെക്കുറിച്ച് വിശ്വാസികൾ പരാതിപ്പെടുകയും കൂദാശ പരികർമ്മം വീണ്ടും നടത്തുകയും ചെയേണ്ടി വന്നു.

ഉദാഹരണത്തിന് മാമ്മോദീസ എന്ന കൂദാശ പരികർമ്മം ചെയുമ്പോൾ വാക്കുകൾ പരിഷ്കരിച്ച് "ഞാൻ നിന്നെ സൃഷ്ടാവിന്റെ നാമത്തിൽ മാമ്മോദീസ മുക്കുന്നു' അപ്പന്റെയും അമ്മയുടെയും നാമത്തിൽ മാമ്മോദീസ മുക്കുന്നു" അല്ലെങ്കിൽ "ഞാൻ " എന്നതിന് പകരം "ഞങ്ങൾ മാമ്മോദീസ മുക്കുന്നു " തുടങ്ങിയവ പോലുള്ള പ്രയോഗങ്ങൾ മാമ്മോദീസ എന്ന കൂദാശയെ അസാധുവാക്കുന്നു.

സഭയുടെ അജപാലന പ്രവർത്തനത്തിൽ സർഗ്ഗാത്മകതയ്ക്ക് പല സാധ്യതകളും ഉണ്ട്. അത് കൂദാശ പരികർമ്മത്തിൽ ഉപയോഗിക്കരുതെന്നും തിരുസംഘം പറയുന്നു. “ജെസ്തിസ് വെർബിസ്ക്വേ” എന്ന ലത്തീൻ താലക്കെട്ടുള്ള ഈ കുറിപ്പ് ശനിയാഴ്ചയാണ് വിശ്വാസകാര്യസംഘം പുറപ്പെടുവിച്ചത്. വിശ്വാസകാര്യസംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടസും കാര്യദർശി മോൺസിഞ്ഞോർ അർമാന്തൊ മത്തേയൊയും ഒപ്പ് വച്ച ഈ കുറിപ്പ് ഫ്രാൻസീസ് മാർപാപ്പാ ജനുവരി 31 ന് അംഗീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.