വിദ്വേഷ പ്രസംഗം; ഇസ്ലാമിക പ്രഭാഷകന്‍ മുംബൈയില്‍ അറസ്റ്റില്‍

വിദ്വേഷ പ്രസംഗം; ഇസ്ലാമിക പ്രഭാഷകന്‍ മുംബൈയില്‍ അറസ്റ്റില്‍

മുംബൈ: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഇസ്ലാമിക പ്രബോധകന്‍ മുഫ്തി സല്‍മാന്‍ അസ്ഹരിയെ അറസ്റ്റ് ചെയ്തു. മുംബൈ പൊലീസിന്റെ സഹായത്തോടെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡാണ് അസ്ഹരിയെ കസ്റ്റഡിയിലെടുത്തത്.

ഇദ്ദേഹത്തെ പിന്നീട് മുംബൈ ഘട്കോപര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ അസ്ഹരിക്കെതിരേ എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്തിരുന്നു. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, ഒരു സമുദായത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

അസ്ഹരിയെ കസ്റ്റഡിയിലെടുത്ത വാര്‍ത്ത പരന്നതോടെ അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് അണികള്‍ പോലീസ് സ്റ്റേഷനു പുറത്ത് തടിച്ചുകൂടി. പൊലീസിന്റെ നിര്‍ദേശപ്രകാരം സമരക്കാരുമായി സംസാരിച്ച മുഫ്തി പിരിഞ്ഞു പോകാന്‍ അഭ്യര്‍ത്ഥിച്ചു. എന്നിട്ടും പിന്മാറാതെ വന്നതോടെ ലാത്തിച്ചാര്‍ജ് നടത്തി ഓടിച്ച ശേഷമാണ് മുഫ്തിയുടെ അറസ്റ്റ് രേഖപ്പെടുത്തയത്.

ജനുവരി 31-ന് ജുനഗഡില്‍ അസ്ഹരി നടത്തിയ വിദ്വേഷ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മുംബൈ സ്വദേശിയായ അസ്ഹരി, ജാമിയ റിയാസുള്‍ ജന്ന സ്ഥാപകനാണ്.

കെയ്റോയിലെ അല്‍ അസര്‍ സര്‍വകലാശാലയില്‍ പഠിച്ച അദ്ദേഹം മതപ്രഭാഷകനെന്ന നിലയില്‍ പ്രശസ്തനാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.