ന്യൂഡല്‍ഹി: മ്യാന്‍മറില്‍ കലാപം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗന്മാര്‍ സുരക്ഷിതരായി രാജ്യത്ത് തിരികെ എത്തണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. മ്യാന്‍മറിലെ റാഖൈന്‍ മേഖലകളില്‍ അക്രമം രൂക്ഷമാകുകയാണ്. ഈ സാഹര്യത്തില്‍ രാജ്യത്തേയ്ക്കുള്ള വിനോദസഞ്ചാരങ്ങള്‍ നിര്‍ത്തലാക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി.
ആശയ വിനിമയം വിച്ഛേദിക്കപ്പെടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 2021 ഫെബ്രുവരി ഒന്നിന് ജനാധിപത്യ ഭരണം അട്ടിമറിച്ച് സൈന്യം മ്യാന്‍മര്‍ പിടിച്ചടക്കിയതോടെ പൊട്ടിപ്പുറപ്പെട്ട കലാപമാണ് ഇപ്പോഴും തുടരുന്നത്. ജനാധിപത്യഭരണം പുനസ്ഥാപിക്കാന്‍ നടത്തിയ പ്രതിഷേധങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
രാജ്യത്തെ അക്രമങ്ങള്‍ പൂര്‍ണമായി നിര്‍ത്തലാക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയും മ്യാന്‍മറിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നും കലാപങ്ങള്‍ കെട്ടടങ്ങാത്ത സാഹര്യത്തിലാണ് ഇന്ത്യന്‍ പൗരന്മാരോട് മടങ്ങി വരാന്‍ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്യുന്നത്.