ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് പാസാക്കി. ഗവര്‍ണര്‍ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഇത് നിയമമാകും. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.
മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു.
ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍കോഡ് കൊണ്ടുവന്നേക്കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ യുസിസി ബില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാജസ്ഥാന്‍ അറിയിച്ചിരുന്നു.
തിങ്കളാഴ്ച ആരംഭിച്ച ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ബില്ലവതരിപ്പിച്ചത്. സുപ്രീം കോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അടങ്ങുന്ന അഞ്ചംഗ സമിതി കൈമാറിയ ഏകീകൃത സിവില്‍ കോഡിന്റെ കരടിന് ഞായറാഴ്ച ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
'ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തെ ആളുകള്‍ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബില്‍ ഞങ്ങള്‍ പാസാക്കി. ഈ ബില്‍ ആദ്യം പാസാക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഞങ്ങള്‍ക്ക് അധികാരത്തില്‍ വരാനും ബില്‍ പാസാക്കാനും അവസരം നല്‍കിയ ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്കും എല്ലാ എംഎല്‍എമാര്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു' - മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നില്ലെന്നും നിയമസഭയിലെ പെരുമാറ്റച്ചട്ടങ്ങള്‍ ബിജെപി അവഗണിച്ചതിന് എതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ യഷ്പാല്‍ ആര്യ പറഞ്ഞു.
നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്. വിവാഹം, വിവാഹ മോചനം, ഉത്തരാഖണ്ഡിലെ എല്ലാ പൗരന്‍മാര്‍ക്കും അവരുടെ മതം പരിഗണിക്കാതെ ഭൂമിയിലും സ്വത്തിലും അനന്തരാവകാശത്തിനുമുളള അര്‍ഹത എന്നിവ ബില്‍ നിഷ്‌കര്‍ഷിക്കുന്നു. ശൈശവ വിവാഹ നിരോധനം, എല്ലാ മതത്തിലും പെട്ടവര്‍ക്ക് ഏകീകരിച്ച വിവാഹ പ്രായം എന്നിവയും നിയമത്തിലുണ്ട്.