ഭരണ പരാജയങ്ങള്‍ അക്കമിട്ട് നിരത്തി കോണ്‍ഗ്രസിന്റെ ബ്ലാക്ക് പേപ്പര്‍; യുപിഎ സര്‍ക്കാരുകളെ പഴിചാരി ധനമന്ത്രിയുടെ വൈറ്റ് പേപ്പര്‍

ഭരണ പരാജയങ്ങള്‍ അക്കമിട്ട് നിരത്തി കോണ്‍ഗ്രസിന്റെ ബ്ലാക്ക് പേപ്പര്‍; യുപിഎ സര്‍ക്കാരുകളെ പഴിചാരി ധനമന്ത്രിയുടെ വൈറ്റ് പേപ്പര്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ എണ്ണിപ്പറയുന്ന ബ്ലാക്ക് പേപ്പര്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രണ്ട് യുപിഎ സര്‍ക്കാരുകളെ പഴിചാരി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ധവള പത്രം (വൈറ്റ് പേപ്പര്‍) അവതരിപ്പിച്ചു. ബ്ലാക്ക് പേപ്പര്‍ പുറത്തിറക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാന മന്ത്രി സഭയില്‍ പരിഹസിച്ചു.

തൊഴിലില്ലായ്മ ഉള്‍പ്പടെ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തുന്നതായിരുന്നു കോണ്‍ഗ്രസ് പുറത്തിറക്കിയ ബ്ലാക്ക് പേപ്പര്‍. കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങി വിവിധ ജന വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അവഗണനയും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുറത്തിറക്കിയ ബ്ലാക്ക് പേപ്പറില്‍ ഉണ്ടായിരുന്നു.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉള്‍പ്പടെയുള്ള രാജ്യസഭാ അംഗങ്ങളുടെ യാത്രയയപ്പ് വേളയിലാണ് കോണ്‍ഗ്രസ് അധ്യക്ഷനെ പ്രധാനമന്ത്രി പരിഹസിച്ചത്. മറുപടി നല്‍കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശ്രമിച്ചെങ്കിലും ചെയര്‍മാന്‍ അനുമതി നല്‍കിയില്ല.

വൈകുന്നേരം ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ കോണ്‍ഗ്രസിന്റെ ബ്ലാക്ക് പേപ്പറിന് ഉള്ള മറുപടിയും ഉണ്ടായിരുന്നു. യുപിഎ ഭരണം ഇന്ത്യയെ ഏറ്റവും മോശപ്പെട്ട സമ്പദ് വ്യവസ്ഥയുള്ള അഞ്ച് രാജ്യങ്ങളുടെ നിരയില്‍ കൊണ്ടെത്തിച്ചു എന്നും മോഡി സര്‍ക്കാര്‍ ഇന്ത്യയെ ഏറ്റവും വലിയ അഞ്ച് സമ്പദ് വ്യവസ്ഥകളില്‍ ഒന്നാക്കി മാറ്റി എന്നും ധവള പത്രത്തില്‍ കേന്ദ്രം അവകാശപ്പെട്ടു.

ടുജി സ്‌പെക്ട്രം ഉള്‍പ്പടെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന 15 അഴിമതികള്‍ ധവള പത്രത്തിലുണ്ട്. മൂലധന നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, രൂപയുടെ മൂല്യം, പൊതുകടം, പണപ്പെരുപ്പം തുടങ്ങി സമ്പദ് വ്യവസ്ഥയുടെ വിവിധ ഭാഗങ്ങളെ മുന്‍കാല യുപിഎ സര്‍ക്കാരുമായി താരതമ്യം ചെയ്യുന്നതായിരുന്നു നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ധവള പത്രം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.