ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കി ഉത്തരവിറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആരുടേയും പൗരത്വം എടുത്തുകളയാനല്ല പൗരത്വ നിയമം ഭേദഗതി ചെയ്തത്. പൗരത്വം നല്‍കാനാണ്.
സിഎഎ സംബന്ധിച്ച് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിഎഎയില്‍ ആരുടേയും പൗരത്വം എടുത്തു കളയാന്‍ വ്യവസ്ഥയില്ല.
ബംഗ്ലാദേശിലും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പീഡനം അനുഭവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ളതാണ് സിഎഎ എന്നും അമിത് ഷാ പറഞ്ഞു. ഇ.ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദേഹം.
സിഎഎ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നു. രാജ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ അഭയാര്‍ത്ഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരുന്നു. ഇപ്പോളവര്‍ പിന്‍മാറിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആര്‍ക്കും സംശയത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ അമിത് ഷാ, ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകള്‍ പിടിക്കുമെന്നും എന്‍ഡിഎ 400 കടക്കുമെന്നും അവകാശപ്പെട്ടു.
കോണ്‍ഗ്രസും സഖ്യ പാര്‍ട്ടികളും പ്രതിപക്ഷ ബെഞ്ചിലിരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞെന്നും കൂടുതല്‍ പാര്‍ട്ടികള്‍ വരും ദിനങ്ങളില്‍ എന്‍ഡിഎയില്‍ ചേരുമെന്നും അദേഹം പറഞ്ഞു.