കൊളംബിയയില്‍ വിനോദസഞ്ചാരത്തിനെത്തിയ എട്ട് പേരുടെ മരണത്തിന് പിന്നില്‍ ഡേറ്റിംഗ് ആപ്പ്; ചതിക്കുഴിയെകുറിച്ച് മുന്നറിയിപ്പുമായി അധികൃതര്‍

കൊളംബിയയില്‍ വിനോദസഞ്ചാരത്തിനെത്തിയ എട്ട് പേരുടെ മരണത്തിന് പിന്നില്‍ ഡേറ്റിംഗ് ആപ്പ്; ചതിക്കുഴിയെകുറിച്ച് മുന്നറിയിപ്പുമായി അധികൃതര്‍

വാഷിംഗ്ടണ്‍ ഡിസി: വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ കഴിവതും ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതര്‍. കൊളംബിയയില്‍ വിനോദസഞ്ചാരത്തിന് പോയ എട്ടുപേരുടെ മരണത്തിന് പിന്നില്‍ ഡേറ്റിംഗ് ആപ്പ് തട്ടിപ്പുകാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുന്ന ഇവരില്‍ പലരും ചൂഷണത്തിനും മോഷണത്തിനും ഇരയാകുന്നുണ്ടെന്ന് ബൊഗോട്ടയിലെ യുഎസ് എംബസി വെളിപ്പെടുത്തി. ഈ ആപ്പുകള്‍ പല മോഷണ സംഘങ്ങളും ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

മെഡെലിന്‍, കാര്‍ട്ടെഗെന, ബോഗോട്ട പ്രദേശങ്ങളില്‍ ഡേറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ വിനോദസഞ്ചാരത്തിന് എത്തുന്നവരോട് വിജനമായ സ്ഥലങ്ങളില്‍ കരുതലില്ലാതെ പോകരുതെന്നും ഹോട്ടല്‍ മുറികളില്‍ പോലും അപരിചിതരുമൊത്ത് പോകുന്നത് സൂക്ഷിച്ച് വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വിനോദ സഞ്ചാരികളെ ആളൊഴിഞ്ഞ റെസ്റ്ററന്റുകളിലേക്കും ബാറുകളിലേക്കും ഈ ആപ്പ് ഉപയോഗിച്ച് അക്രമികള്‍ ക്ഷണിക്കുന്നു. മുന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടം അറിയാതെ ഇവര്‍ എത്തിക്കഴിയുമ്പോള്‍ അവരെ ആക്രമിച്ച് പണം തട്ടിയെടുക്കുന്നതാണ് അക്രമികളുടെ രീതി.

കഴിഞ്ഞ മൂന്ന് മാസത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുള്ള അക്രമത്തില്‍ 200 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിന്റെ തോത് 29 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

പ്രശസ്ത അമേരിക്കന്‍ കോമേഡിയനും സാമൂഹ്യപ്രവര്‍ത്തകനുമായ ടൗ ഷിയോംഗിനെ കഴിഞ്ഞ മാസം അക്രമികള്‍ കൊല ചെയ്തിരുന്നു. ഓണ്‍ലൈനില്‍ പരിചയപ്പെട്ട സ്ത്രീയുമായി ഡേറ്റിന് പോയപ്പോഴാണ് ഷിയോംഗിനെ അക്രമികള്‍ ആക്രമിച്ചു കൊന്നത്. ഷിയോംഗിനെ തട്ടിക്കൊണ്ടുപോയ അക്രമികള്‍ അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു. പന്ത്രണ്ടിലേറെ കുത്തേറ്റാണ് അദ്ദേഹം മരിക്കുന്നത്.

അതേ സമയം, പലരും നാണക്കേട് ഓര്‍ത്ത് ഇത്തരം കേസുകള്‍ പുറത്തുപറയാതെ മറച്ചുവെയ്ക്കുന്നതു മൂലമാണ് കേസുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നതെന്നും എല്ലാവരും പരാതി നല്‍കിയാല്‍ യഥാര്‍ഥ കേസുകളുടെ എണ്ണം ഏറെ ഉയരുമെന്നും പോലീസ് ചൂണ്ടിക്കാട്ടി. മോഷണ ശ്രമം എതിര്‍ക്കുന്നവരെ അക്രമികള്‍ കൊല ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.