ഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളുടെ പേരുകളില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ ഒഴിവാക്കി.
നവാഗത സംവിധായകനുള്ള പുരസ്‌ക്കാരത്തില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെയും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ നിന്ന് നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ നീക്കി.
പ്രിയദര്‍ശന്‍ ഉള്‍പ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ ശിപാര്‍ശകള്‍ വാര്‍ത്ത വിനിമയ മന്ത്രാലയം അംഗീകരിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കാലോചിത പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനായി വാര്‍ത്താ വിതരണ മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി നീരജ ശേഖറിന്റെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചത്.
എഴുപതാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായുള്ള വിജ്ഞാപനം പുറത്തിറക്കിയപ്പോഴാണ് മാറ്റങ്ങള്‍ വ്യക്തമാക്കിയത്. ബാബാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്റേതടക്കം സമ്മാന തുകയും വര്‍ധിപ്പിച്ചു.
ഫാല്‍ക്കേ പുരസ്‌കാരത്തിന്റെ സമ്മാനത്തുക 10 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്തി. മികച്ച സംവിധായകന്‍, ചലച്ചിത്രം എന്നിവയ്ക്കു നല്‍കുന്ന സ്വര്‍ണ കമലം പുരസ്‌കാരത്തുക എല്ലാ വിഭാഗത്തിലും മൂന്ന് ലക്ഷം രൂപയാക്കി. രജതകമലം പുരസ്‌കാരങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുമാക്കി ഉയര്‍ത്തി.