ഇംഫാല്‍: അനധികൃതമായി കുടിയേറി സംസ്ഥാനത്ത് സ്ഥിര താമസമാക്കിയവരെ നാടുകടത്തുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്.
1961 ന് ശേഷം കുടിയേറിയവരെ ജാതി, സമുദായ വ്യത്യാസങ്ങളില്ലാതെ കണ്ടെത്തി നാടുകടത്തും. 'പ്രൊജക്ട് ബുനിയാദ്' പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഫലപ്രദമായി നടപ്പാക്കുന്നതിനായി 1961 ന് മുന്‍പ് സംസ്ഥാനത്ത് സ്ഥിരമാക്കിയവരെ മാത്രം സംസ്ഥാനത്തെ പൗരന്മാരായി കണക്കാക്കിയാല്‍ മതിയെന്ന തീരുമാനത്തിന് മണിപ്പൂര്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
എന്നാല്‍ വിഷയത്തിലെ പ്രായോഗികതയെ ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി. 2023 മെയ് മുതല്‍ വംശീയ കലാപത്തിന് സാക്ഷ്യം വഹിക്കുകയാണ് മണിപ്പൂര്‍. മ്യാന്മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് കലാപത്തിന് പിന്നിലെന്നാണ് ഭരണ കൂടത്തിന്റെ വാദം.