'കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തരുത്': കേന്ദ്രത്തിന്റെ രഹസ്യ നിര്‍ദേശം നടപ്പാക്കാന്‍ നീക്കങ്ങള്‍ കടുപ്പിച്ച് പൊലീസ്; പലയിടത്തും സംഘര്‍ഷം

'കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തരുത്': കേന്ദ്രത്തിന്റെ രഹസ്യ നിര്‍ദേശം നടപ്പാക്കാന്‍ നീക്കങ്ങള്‍ കടുപ്പിച്ച് പൊലീസ്; പലയിടത്തും സംഘര്‍ഷം

കര്‍ഷകര്‍ക്ക് പിന്തുണ: പിസിസികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സംഗമങ്ങള്‍ മറ്റന്നാള്‍.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഡല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ നീക്കങ്ങള്‍ കടുപ്പിച്ച് പൊലീസ്.

ഒരു കാരണവശാലും കര്‍ഷകര്‍ പ്രതിഷേധവുമായി രാജ്യ തലസ്ഥാനത്ത് എത്തരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് മാര്‍ച്ച് തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്.

എന്നാല്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പൊലീസുമായുണ്ടായ സംഘര്‍ഷം വകവെക്കാതെ കര്‍ഷകര്‍ മുന്നോട്ടു പോവുകയാണ്. ട്രാക്ടറുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായി കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് എത്തിയിട്ടുണ്ട്.

കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അടക്കമുള്ള വന്‍ വേലിക്കെട്ടുകളാണ് ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്. സിംഘു, ഗാസിപ്പൂര്‍, തിക്രി അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. സിംഘുവില്‍ കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു.

ഇട റോഡുകളെല്ലാം ജെസിബികള്‍ ഉപയോഗിച്ച് കുഴിച്ച് ഒരു കാരണവശാലും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തില്ല എന്ന് ഉറപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ശംഭു അതിര്‍ത്തി കടന്ന് മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ് വീണ്ടും കണ്ണീര്‍ വാതകം പ്രയോഗിച്ചു.

സമരക്കാരെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം ആരംഭിച്ചു. കര്‍ഷക നേതാവ് അക്ഷയ് നര്‍വാളിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കര്‍ഷകര്‍ക്കെതിരായ നടപടികള്‍ തുടരുമ്പോഴും ചര്‍ച്ചയ്ക്ക് തയാറാണന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം.

കര്‍ഷകരുമായുള്ള സംഘര്‍ഷത്തില്‍ 24 പൊലീസുകാര്‍ക്ക് പരുക്കേറ്റതായി ഹരിയാന ഡിജിപി അറിയിച്ചു. പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റന്നാള്‍ പിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.