ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധം; റദ്ദാക്കണമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി: കേന്ദ്രത്തിന് തിരിച്ചടി

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധം; റദ്ദാക്കണമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി: കേന്ദ്രത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിക്ക് സുപ്രീം കോടതിയുടെ റെഡ് സിഗ്നല്‍. ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

രാഷട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവകാശമണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പദ്ധതിയുടെ സുതാര്യതയും നിയമ സാധുതയും പരിശോധിച്ച് സുപ്രധാന വിധി പ്രസ്താവിച്ചത്.

അംഗീകൃത ബാങ്കില്‍ നിന്ന് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കാമെന്നതാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകള്‍ 15 ദിവസത്തിനകം പാര്‍ട്ടികള്‍ക്ക് പണമാക്കി മാറ്റാം. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഈ രഹസ്യാത്മകതയാണ് ചോദ്യം ചെയ്യപ്പെട്ടത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന പണമായി നല്‍കുന്ന പഴയര ീതിയിലേക്ക് തിരിച്ചു പോകേണ്ടതില്ലെന്നും അതേസമയം, തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിലെ ഗൗരവകരമായ പിഴവുകള്‍ പരിഹരിക്കണമെന്നും കേസ് വിധി പറയാന്‍ മാറ്റവേ സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, കോമണ്‍ കോസ് തുടങ്ങിയ സംഘടനകളാണ് ബോണ്ട് പദ്ധതിക്കെതിരേ ഹര്‍ജി നല്‍കിയത്. ബോണ്ടുകള്‍ വഴി സംഭാവന നല്‍കുന്നവര്‍ ആരെന്ന് സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അറിയാനാകും.

എന്നാല്‍ മറ്റു പാര്‍ട്ടികള്‍ക്ക് അറിയാനാവില്ല. ഈ രഹസ്യാത്മകതയാണ് ദാതാക്കള്‍ ഉദ്ദേശിക്കുന്നതെന്നും പ്രായോഗികത കണക്കിലെടുത്താണ് പദ്ധതി ആവിഷ്‌കരിച്ചതെന്നും കേന്ദ്രം വാദിച്ചിരുന്നു. 2018 മുതലാണ് ബോണ്ടുകള്‍ നല്‍കി തുടങ്ങിയത്.

1,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് ബോണ്ടുകളുടെ മൂല്യം. ഇതിനായി ആര്‍ബിഐ നിയമം, ആദായനികുതി നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ ഭേദഗതി ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പദ്ധതിയുടെ വ്യവസ്ഥകള്‍ പ്രകാരം ആരാണ് പണം നല്‍കിയതെന്ന് പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല.

പാര്‍ട്ടികള്‍ക്ക് ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വഴി പണം പിന്‍വലിക്കാന്‍ സാധിക്കും. ഷെല്‍ കമ്പനികള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയുമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.