കര്‍ഷക, തൊഴിലാളി സംഘടനകളുടെ ഭാരത് ബന്ദ് നാളെ; കേരളത്തില്‍ ജന ജീവിതത്തെ ബാധിക്കില്ല

കര്‍ഷക, തൊഴിലാളി സംഘടനകളുടെ  ഭാരത് ബന്ദ് നാളെ; കേരളത്തില്‍ ജന ജീവിതത്തെ ബാധിക്കില്ല

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും ( എസ്‌കെഎം) വിവിധ തൊഴിലാളി സംഘടനകളും നാളെ ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെയാണ് 'ഗ്രാമീണ്‍ ഭാരത് ബന്ദ്'.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല് മണിവരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. ആംബുലന്‍സുകള്‍, പത്രവിതരണം, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ എന്നിവയെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍, കേരളത്തില്‍ ജന ജീവിതത്തിന് തടസമുണ്ടാകില്ല. രാവിലെ പത്ത് മണിക്ക് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം ഉണ്ടാകുമെന്ന് സംസ്ഥാന സമരസമിതി കോര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായാണ് ബന്ദ്. കാര്‍ഷിക, തൊഴിലുറപ്പ് ജോലികള്‍ സ്തംഭിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. താങ്ങുവില ഉറപ്പാക്കുന്നതടക്കം പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിച്ചത്.

തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളുമടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ത്ഥിച്ചു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.